അമ്മ (അംബിക ചന്തുവാരത്ത് )

എന്നും അതിരാവിലെ അഞ്ചുമണിയാകുമ്പോഴേക്കും എണീക്കും, അതാണ് പതിവ്. ഇന്നെന്തോ ആറു മണിയായിട്ടും എഴുന്നേൽക്കാൻ വയ്യ. വെട്ടിപ്പൊളിയുന്ന തലവേദന! പുറത്ത് കോരിച്ചൊരിയുന്ന മഴയിലും എനിക്ക് എന്റെ സുന്ദരിപ്പൂച്ചയുടെ നിർത്താതെയുള്ള കരച്ചിൽ കേൾക്കാമായിരുന്നു. മക്കളെ കാണാതാകുമ്പോളുള്ള ഒരമ്മയുടെ സങ്കടം ആ കരച്ചിലിൽ ഉണ്ടായിരുന്നു. വീടിനു ചുറ്റും അത് കരഞ്ഞുകൊണ്ട് നടക്കുകയാണെന്ന് മനസ്സിലായി. പിന്നെ കിടക്കാൻ മനസ്സനുവദിച്ചില്ല. വേഗം എണീറ്റ് അടുക്കള ഭാഗത്തെ വാതിൽ തുറന്ന് വരാന്തയിലേക്കിറങ്ങിയപ്പോൾ എന്റെ സുന്ദരിക്കുട്ടി അവിടിരിപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ അതിന്റെ സങ്കടം ഇരട്ടിച്ചു. അതെന്റെ മുഖത്ത് നോക്കി കരയാൻ തുടങ്ങി. ഞാനതിന്റെ പുറത്ത് മെല്ലെ തലോടിക്കൊണ്ട് ചോദിച്ചു,
“എന്തു പറ്റി നിനക്ക്..? ന്താ., കുട്ടികളെ കാണാനില്ലേ..”?
എന്റെ ഭാഷ മനസ്സിലാക്കിയ പോലെ അത് എന്റെ മുഖത്ത് നോക്കി കരഞ്ഞു. ഞാൻ വർക്ക് ഏരിയയിൽ ഇറങ്ങി, അവിടെയെല്ലാം ആ പൂച്ചക്കുട്ടികളെ തിരഞ്ഞു.. എന്റെ പിന്നാലെ സുന്ദരിപ്പൂച്ചയും കരഞ്ഞുകൊണ്ട് വന്നു.
” ന്റെ മക്കളെ കാണാനില്ലമ്മേ.., ഒന്നു കണ്ടു പിടിച്ചു തരൂ” ന്ന് പറയുന്ന പോലെ തോന്നി. ഞാൻ വേഗം കുടയെടുത്ത് മുറ്റത്തും വീടിനും ചുറ്റും നടന്ന് ആ പൂച്ചക്കുട്ടികളെ തിരഞ്ഞു. സുന്ദരിപ്പൂച്ചയും കരഞ്ഞുകൊണ്ട് എന്റെ പിന്നാലേയുണ്ട്. ഇന്നലെ മേലെ ക്ലാസ്സെടുക്കുന്ന സമയത്ത് തള്ള പൂച്ചയും കുട്ടികളും അവിടെ ഓടിക്കളിക്കുന്നത് കണ്ടതാണ്. ഞാൻ വേഗം മുകളിലേക്ക് പോയി നോക്കി, അവിടെ ടി.വി യുടെ ഒരു വലിയ ചട്ടപ്പെട്ടിയുണ്ട്, അതിനുള്ളിലാണ് തള്ളപ്പൂച്ച കുട്ടികളെ ഭദ്രമായി സൂക്ഷിച്ചിരുന്നത്. പക്ഷെ, അതിനുള്ളിലും അവയെ കണ്ടില്ല. വീണ്ടും താഴേ വന്ന് തപ്പി നോക്കാത്ത ഇടങ്ങളില്ല. അവസാനം കണ്ടുപിടിച്ചു, ടെറസ്സിലേക്കുള്ള കോണിയുടെ പിറകിൽ! പാവം, ആ രണ്ട് പൂച്ചക്കുട്ടികളും തണുത്ത്, പേടിച്ച് വിറച്ച് ഇരിക്കുന്നു. രണ്ടിനേയും മെല്ലെ അവിടുന്നെടുത്ത് ടെറസ്സിൽ കൊണ്ടു പോയി, നനവൊക്കെ തുടച്ചു വൃത്തിയാക്കി.( രണ്ടും വളരെചെറിയ കുട്ടികളാണ്., ഓടിനടന്നു തുടങ്ങിയിട്ടേ ഉള്ളൂ).അവിടെ ഒരു ചെറിയ ചട്ടപ്പെട്ടിയിൽ ചാക്ക് വിരിച്ച് അവയെ അതിൽ കിടത്തി. നമ്മുടെ സുന്ദരിപ്പൂച്ച ഇതെല്ലാം കണ്ടു കൊണ്ട് എന്റെ പിന്നാലെത്തന്നെയുണ്ട്.
“ന്നാ നിന്റെ കുട്ടികൾ, ഇനി നീ അതിനെ നോക്കിക്കോ” ന്ന് ഞാൻ പറഞ്ഞപ്പോൾ നന്ദിസൂചകമായി എന്നെ നോക്കി ഒന്നു മുരണ്ടു. അതിനേയും ആ പെട്ടിക്കുള്ളിലേക്ക് എടുത്തു വെച്ചു. അതുവരെ പേടിച്ച് നിശ്ശബ്ദരായിരുന്ന പൂച്ചക്കുട്ടികൾ അമ്മയെ അടുത്തു കിട്ടിയ സന്തോഷത്തിൽ കരയാൻ തുടങ്ങി. അവ അമ്മിഞ്ഞപ്പാൽ നുണഞ്ഞു കുടിച്ചു കൊണ്ടിരുന്നു. ഞാനാ പൂച്ചയുടെ നെറുകയിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു. എന്നിട്ട് ചോദിച്ചു,
” ഇപ്പൊ നിനക്ക് സമാധാനായില്ലേ” ന്ന്. സുന്ദരിപ്പൂച്ച എന്റെ മുഖത്ത് നോക്കി, മറുപടി എന്നോണo കണ്ണുകളടച്ച് ആനന്ദ നിർവൃതിയിലലിഞ്ഞു.., ഞാനും!

“അമ്മ…”, ന്താ പറയാ! അനിർവ്വചനീയമായ ഒരു വികാരം തന്നെ!