ബോൺ ടു ഫ്ലൈ

ചിതർ എൽ.പി

“രണ്ടുവർഷത്തോളമായി ‘ബോൺ ടു ഫ്ലൈ’ എന്റെ മേശപ്പുറത്തിരിക്കുന്നു… വായന മാറ്റിവച്ചതെന്തെന്നറിയില്ല. ഇപ്പോഴാണെടുത്തത്. 21 -ാം വയസ്സിൽ മിഗ് 21 പറത്തിയിരുന്ന ഇന്ത്യൻ വ്യോമസേനയിൽ മികച്ച വ്യോമാഭ്യാസിയുടെ ബാഡ്ജ് ലഭിച്ച പൈലറ്റ്,എന്നാൽ രണ്ടു വർഷത്തിനകം പറക്കൽ കഴിഞ്ഞുള്ള മടക്കയാത്രയിൽ ബൈക്ക് അപകടത്തിൽ കഴുത്തിനു താഴേക്ക് ചലനരഹിതമായ (ക്വാഡ്റിപ്ലീജിക് ) എം.പി. അനിലിന്റെ പ്രോജ്വല ജീവിത കഥ അദ്ദേഹത്തിന്റെ സുഹൃത്തും എയർഫോഴ്സ് ബാച്ച് മെയ്റ്റുമായ നിതിഷ് സാഥെ പറയുകയാണ്; ഫ്ലാഷ് ബാക് (Flashback) മുതൽ സോറിങ് എഗൻ(Soaring again) വരെ യുള്ള താളുകളിൽ.
തലച്ചോറൊഴികെയെല്ലാം ജീവിതത്തിൽ നഷ്ടപ്പെട്ടിട്ടും, നാം ഭൂതകാല വേദനകളയവിറക്കി വിഷാദത്തിനടിപ്പെടാതെ ജീവിതത്തിൽ മുന്നോട്ടു മാത്രം നോക്കുക എന്ന വാക്കുകളിൽ ആവേശം കൊണ്ടും, ഒരുപാടനുഭവിച്ചു ഇനി ശാന്തവും വേദനയില്ലാത്തതുമായ അവസാനം ഈ കിടക്കയിൽ തന്നെ സംഭവിക്കട്ടെയെന്നാഗ്രഹിക്കുന്നുവെന്നുമുള്ള അനിലിന്റെ വാക്കുകൾ വായിച്ചു കണ്ണുനനഞ്ഞും മാത്രം പുസ്തകം മടക്കാം. സേനാ പരിശീലന ചിട്ടകൾ, സേനാസ്ഥാപനങ്ങളുടെ ചരിത്രം, പറക്കലിന്റെ കഥകൾ, സേനാംഗങ്ങളുടെ ജീവിതം എല്ലാം അനിലിന്റെ കഥയുമായി നിതിൻ സാഥെ ഭംഗിയായി ഇഴ ചേർക്കുന്നുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ മദനവിള പഞ്ചാപ കേശൻ അനിൽകുമാർ. അമ്മ കമലമ്മ. പാലവിള യു.പി. സ്കൂൾ , കഴക്കൂട്ടം സൈനിക് സ്കൂൾ , നാഷണൽ ഡിഫൻസ് അക്കാദമി, എയർഫോഴ്സ് അക്കാദമി പിന്നെ 1984 ൽ ഇന്ത്യൻ വ്യോമസേനയിലെ കമിഷൺഡ് ഫൈറ്റർ പൈലറ്റ്. 24-ാം വയസ്സിൽ അപ്രതീക്ഷിത അപകടത്തെ തുടർന്ന് തന്റെ ചിറകു വച്ചസ്വപനങ്ങൾ തകർന്നടിഞ്ഞ് സേനയിൽ നിന്നും റിട്ടയർ ചെയ്ത് കാൽ നൂറ്റാണ്ട് പൂനയിലെ പാരാപ്ലിജിക് റീഹാബിലിറ്റേഷൻ ഹോമിൽ കഴിഞ്ഞ അനിൽ ഒരു പ്രതിഭാസമായിരുന്നു. 2014 ൽ മറഞ്ഞ അനിൽ ഇന്നും സേനയിലുണ്ടായിരുന്നെങ്കിൽ ഇന്ത്യ അറിയുന്ന പദവിയിലായിരുന്നേനെ.
സൈനിക് സൂളിൽ പഠിച്ചിരുന്ന കാലം മുതൽ പഥാൻകോട്ട് എയർഫോഴ്സ് സ്റ്റേഷനിൽ നിന്നുമുള്ള അവസാന വരവു വരെ എല്ലാ അവധികളിലും എന്റെ അച്ഛനോടൊപ്പം ഒരു ദിവസം വീട്ടിൽ ഉച്ചയൂണ് പഥ്യമായിരുന്നു. ഏതാണ്ട് സമപ്രായക്കാരനായ എനിക്ക് സൗഹൃദ പങ്കുവെയ്ക്കലുകളിൽ അനിലിന്റെ വൈമാനികനിലേക്കുള്ള വളർച്ച കാണാമായിരുന്നു – സേർവീസ് ബിഫോർ സെൽഫ് (Service before Self) ലേക്കുള്ള പക്വതപ്പെടൽ. സഹിക്കാവുന്നതിലപ്പുറം കഷ്ടപ്പാടും പീഡനങ്ങളും നിറഞ്ഞ കഠിനമായ പരിശീലനങ്ങൾ കൂട്ടായ അധ്വാനത്തിലൂടെയുള്ള അതിജീവനം സ്വായത്തമാക്കുന്നു. കണിശമായ പഠന പദ്ധതിയും വസ്തുനിഷ്ഠ വിലയിരുത്തലുകളുമാണവരെ യോദ്ധാക്കളുടെ വീര്യത്തിൽ നിലനിർത്തുന്നത്.
1988 ജൂൺ 28 നു നടന്ന ബൈക്ക് അപകടമാണ് പോർവിമാനത്തിന്റെ വശ്യതയിലും പറക്കലിന്റെ ഒടുങ്ങാത്ത ആവേശത്തിലും മുപ്പതിനായിരം അടി ഉയരത്തിൽ വരെ എണ്ണൂറു കി.മീ. വേഗതയിൽ വളഞ്ഞും പുളഞ്ഞും പറ്റിക്കുന്ന നിലം പൊത്തലുകളും പിന്നെപൊടുന്നനെ പൊങ്ങി മാഞ്ഞും പറന്നു നടന്ന ധീരനായ പൈലറ്റിനെ ഒരു കിടക്കയിലേക്ക് പൊടുന്നനെ ചുരുക്കി കളഞ്ഞത്.
2007 ലാണ് ഞാൻ പൂനയിലെ പാരാപ്ലിജിക്ക് ഹോമിലെത്തിയത്. കുടുംബശ്രീയിൽ ജോലി ചെയ്യുമ്പോൾ പൂനയിലെഒരു ട്രെയിനിങ് തരപ്പെടുത്തി പോകുകയായിരുന്നു. കൂടെ കുറുപ്പുചേട്ടനും (കെ.പി.കുറുപ്പ് സൗത്ത് പരവൂർ നഗരസഭാ ചെയർമാൻ). വാതിൽക്കൽ ആദ്യം വീൽ ചെയറിൽ കണ്ട അന്തേവാസിയോട് അനിലിനെ തിരക്കുമ്പോൾ തന്നെ അനിൽ സാബ് എന്നു പറയുന്ന ആ മനുഷ്യനിലെ അഭിമാനം അദ്ദേഹത്തിന്റെ തിളങ്ങുന്ന മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു. കിടക്കയിൽ നിന്നും സഹായികൾ വീൽ ചെയറിൽ വരാന്തയിലെത്തിച്ച അനിലിനോടൊപ്പം പോക്കുവെയിലേറ്റ് രണ്ടു സായാഹ്നങ്ങൾ കഴിഞ്ഞു. അത്ഭുതം കൂറി താടിയിൽ കൈവെച്ച് നിശബ്ദനായിരുന്ന് കുറുപ്പുചേട്ടൻ അനിലിന്റെ സ്നേഹവും കരുതലും ധിഷണയുമെന്തെന്നറിഞ്ഞിരുന്നു. അപ്പോഴും തികച്ചും ധനോർജം മാത്രം പ്രസരിപ്പിക്കുന്നു.
കഴുത്തിനു താഴെ സ്പൈനൽ കോഡിനു ക്ഷതം പറ്റി ചലനമറ്റ അനിൽ 1988 ജൂലൈ 15 ന് ഡൽഹിയിൽ നിന്നും പ്രത്യേക വിമാനത്തിൽ മിലിട്ടറി ഡോക്ടർമാരുടെ ശ്രദ്ധയോടെ പൂന കിർക്കി മിലിട്ടറി ഹോസ്പിറ്റലിൽ എത്തി. രണ്ടുവർഷത്തോളമവിടെ തന്നെയായിരുന്നു. മയങ്ങിയും ഉണർന്നും സഹായികളാൽ പരിചരിച്ചുമുള്ള ദിനങ്ങൾ. അതു മുതലുള്ള അദ്ദേഹത്തിന്റെ ജീവിതത്തിലെ അടുത്ത ഇന്നിങ്സ് ഓർമകളിൽ നിന്നും,രേഖകൾവായിച്ചും , പലരോടും സംസാരിച്ചും നിതിൻ സാഥേ രേഖപ്പെടുത്തുന്നുണ്ട്. അർധ സുഷുപ്തിയിൽ നിന്നും തെളിമയിലെത്തിയപ്പോൾ തന്റെ നാഡീവ്യൂഹ ക്ഷതം സംബന്ധിച്ച് ഡോക്ടർമാർ അദ്ദേഹത്തോടു വിവരിക്കുന്നുണ്ട്. പ്രതീക്ഷകൾ ഒരു വേള നഷ്ടപ്പെട്ട് ” കൈകൾ അനക്കാനെനിക്കു കഴിഞ്ഞിരുനെങ്കിൽ ഞാൻ സ്വയം വെടിവെച്ചേനെ … നിശ്ചലമാമീ യവസ്ഥയിൽ ജീവിച്ചിട്ടെന്തു കാര്യം ” എന്നു പറയുന്നുണ്ട്. കടുത്ത നിരാശയുടെയും ദേഷ്യത്തിന്റെയും നിസ്സഹായാവസ്ഥയുടെയും ദിനങ്ങൾ. ഈ ഘട്ടത്തിലാണ് മാലാഖയെപ്പോലൊരാൾ കരുണയും സ്നേഹവും കരുതലുമായി അനിലിന്റെ ജീവിതത്തിലേക്കടുക്കുന്നത്. മിലിട്ടറി ആശുപത്രിയിലെ മിടുക്കിയായ നഴ്സായിരുന്നവൾ ; സാറാ (യഥാർഥ പേരല്ല). അനിലിനെ അർത്ഥ പൂർണമായ തുടർജീവിത റൺവേയിലേക്ക് കടത്തിവിട്ടതു സാറയാണ്. പൂവണിയാൻ തുടങ്ങിയ പ്രണയവും അവളുടെ നിർലോപ സ്നേഹവും സംരക്ഷണവും അനിലിന്റെ പുനർ ജീവിതത്തിലെ സ്പാർക്ക് ആകുകയായിരുന്നു. മരണചിന്തകൾ വഴിമാറി ശുഭാപ്തിവിശ്വാസം മണക്കുന്ന ജീവിത ചിന്തകൾ നാമ്പിട്ടു.
രണ്ടു വർഷത്തെ ആശുപത്രി വാസംഅവസാനിപ്പിച്ച് തന്റെ ഭാവി ദിനങ്ങൾ പാരാപ്ലീജിക് ഹോമിലാകാമെന്ന് നിശ്ചയിച്ചു. ഏറെ ശ്രമംനടത്തിയാണ് ഉത്തരവുകൾ വാങ്ങിയത്;കാരണം അവിടെ ഓഫീസർമാരെ പ്രവേശിപ്പിച്ചിരുന്നില്ല. മൂന്ന് അറ്റന്റന്റ് മാരാണ് 24 X 7 അനിലിനെ പരിചരിച്ചത്. പെൻഷൻ ഉണ്ടായിരുന്നു. അപ്പോഴും മനോബലം സാറായുടെ സ്നേഹവും കരുതലുംതന്നെ. സായന്തനങ്ങളിൽ അവർ സംസാരിച്ചും തമാശകൾ പൊട്ടിച്ചും ചിരിച്ചുമിരുന്നു. അന്തരീക്ഷം തണുത്തതോ ചൂടുള്ളതോയെന്നറിയാൻ കഴിയാതെ , മുഖത്തു കുത്തുന്ന കൊതുകിനെ സ്വയം അടിക്കാൻ പോലും കഴിയാതെ അസ്വസ്ഥനായി നിശ്ചല ശരീരവുമായികിടന്നിരുന്നയാളെ മെല്ലെ മെല്ലെ ഉയർത്തിയിരുത്താൻ തുടങ്ങി. മനസ്സിനെയും. നാളുകൾ കൊണ്ട് വീൽ ചെയറിലേക്ക് മാറിയപ്പോഴാണ് മുന്നിലെ സ്റ്റാന്റിൽ വെച്ച വെള്ളക്കടലാസിൽ ചുണ്ടും പല്ലും കൊണ്ട് പിടിച്ച പെൻസിൽ വച്ച് എഴുത്തു പരിശീലിയ്ക്കാൻ തുടങ്ങിയത്. ജോസി യെന്ന പെൺകുട്ടിയുടെ ( യഥാർഥ പേരല്ല) ആശയവും സാറായുടെ സ്നേഹോഷ്മള പിന്തുണയുമാണ് മോട്ടിവേഷനായത്. അങ്ങനെ ഒരു നാൾ ജോസിക്കൊരു കത്തെഴുതി പൂർത്തിയാക്കിയപ്പോൾ അനിൽ അതിരുകളില്ലാത്ത ആനന്ദത്തിലാറാടി. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കത്തുകളെഴുതാൻ തുടങ്ങി …
1992 ആകുമ്പോഴേക്കും അനിലിന്റെ സുഹൃത്തുക്കളുടെ പിന്തുണയോടെ കമ്പ്യൂട്ടറിലേക്ക് കടന്നു. ഡെസ്ക്ടോപ് കമ്പ്യൂട്ടറും കടിച്ചു പിടിച്ച പെൻസിൽ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന കീബോർഡും മൗസും ലഭ്യമാക്കി. അതടുത്ത യു ടേൺ ആയിരുന്നു. പിന്നീട് സ്വയം കമ്പ്യൂട്ടർ പഠിച്ച് വിദഗ്ധനായി. ലോകവുമായുള്ള കണക്ടിവിറ്റി പതിന്മടങ്ങായി വർധിച്ചു. ചുറ്റുപാടുകളോടു പ്രതികരിച്ച് സ്ഥിരം ഓൺലൈൻ പത്രങ്ങളിൽഎഴുതാൻ തുടങ്ങി. കായികം, രാഷ്ട്രീയം, സൈനികം, അന്താരാഷ്ട്രബന്ധങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ തെളിമയോടും ആഴത്തിലുമുള്ള എഴുത്ത്. ചിന്തയുടെയും എഴുത്തിന്റെയും സാധന.
നിർണായക വഴിത്തിരിവായത് ഒരു മാഗസിനിന്റെ മത്സരത്തിലേക്ക് എഴുതിയ പ്രത്യാശാനിർഭരമായ ‘എയർബോൺ ടു ചെയർബോൺ , എന്ന അങ്ങേയം ഹൃദയ സ്പൃക്കായ സ്വന്തംജീവിത കഥയാണ്. അത് ആരെയും പ്രചോദിപ്പിക്കും. അപകടം നൽകിയ തീവ്രവേദനയിൽ തുടങ്ങി ജീവിതത്തിലെ രണ്ടാം പാദത്തിലേക്കു കടന്ന യാത്ര അതി മനോഹരമായ ഇംഗ്ലീഷ് ഭാഷയിൽ വാ കൊണ്ട് , അല്ല ഹൃദയം കൊണ്ടെഴുതി. അവസാന ഖണ്ഡികയിൽ എഴുതുന്നു” Believe it or not, every dark cloud has a silver lining”. ഒന്നാം സമ്മാനം കിട്ടിയ കഥ മഹാരാഷ്ട്രയിലെ പത്താം തരം കുട്ടികൾ ആവേശത്തോടെ വായിച്ചു പഠിക്കുന്നു. കേരളത്തിലും.
അവിടം മുതൽ അനിലിന് തിരക്കുകൾ ആംരംഭി ക്കുകയാണ്. സങ്കടജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുന്നവരെ മുന്നോട്ടു നോക്കാൻ പഠിപ്പിച്ചും നൂറു കണക്കിനാളുകൾക്ക് പ്രതീക്ഷ പകർന്ന് കത്തുകൾ എഴുതിയും കുട്ടികളോടു സംവദിച്ചും കാൽ നൂറ്റാണ്ട് ഉത്സാഹഭരിതനായി ഹോമിൽ കഴിഞ്ഞു.
അൻപതാം വയസ്സിലേക്കെത്തുന്നതിന് ആറുമാസം മുന്നേ ക്ഷീണം ആരംഭിക്കാൻ തുടങ്ങി. ഉത്സാഹം കുറഞ്ഞു. വേദനിക്കാൻ തുടങ്ങി. മൈലോയ്ഡ് ലുക്കീമിയയെന്ന് ഡോക്ടർമാർ കുറിച്ചു. വീണ്ടും ആശുപതി ഐ.സി.യു കിടക്കയിൽ; ഉണർന്നു മുറങ്ങിയും.തന്നെ അണുകിട തെറ്റാതെ പരിചരിച്ച മൂന്ന് അന്റന്റർ മാരടക്കമുള്ളവർക്ക് പെൻഷൻ തുകയിലെ ബാക്കിയിൽ നിന്നും കൊടുക്കേണ്ടത് കൃത്യമായി വിൽ എഴുതി. ആശുപതി ഐ.സി.യു വിൽ അൻപതാം പിറന്നാളിന്റെ കൊച്ചു സന്തോഷങ്ങൾ. അവസാനത്തെയും. പിന്നെ അധിക ദിവസങ്ങളുണ്ടായില്ല.2014 മെയ് 20 ന് അനിലിന്റെ കണ്ണുകളടഞ്ഞു. സെറിമോണിയൽ സല്യൂട്ട് കഴിഞ്ഞ്, ഭൗതിക ദേഹം പൊതിഞ്ഞിരുന്ന ഇന്ത്യൻ എയർഫോഴ്സ് പതാക ഉള്ളെരിഞ്ഞും ഈറൻ കണ്ണുകളോടും സഹോദരൻ കുഞ്ഞുണ്ണി ഏറ്റുവാങ്ങി. ദീപ്തമായ കുറേ ഓർമകൾ ബാക്കി. പ്രണാമം.
നിതിൻ സാഥേ യ്ക്കു നന്ദി”