പിറവി (കവിത -ദേവി ശങ്കർ)

ഒന്നുമറിയാതെയീ പിറവി
ആർക്കുമൊന്നുമറിയാതെയീ പിറവി
ഒരാത്മ രോദനത്തിനായ് കാതോർക്കുമീ പിറവി
ഗൂഢമാം വിണ്ണിന്റെ വിരിമാറു
തുളച്ചിറങ്ങുമീ പിറവി
അരികത്തായ് അണയുന്നോരലി വാണീ പിറവി
ഹർഷ ബാഷ്പം തൂകുമീ പിറവി
അന്തരംഗത്തിനഭിമാനമാണീ പിറവി

കാലാന്തരങ്ങൾ തൻ വേഷമല്ലോയീ പിറവി
കർമ്മങ്ങളിൽ വ്യാപൃതരാകാനീ പിറവി
യവനികക്കുള്ളിലായ് ആദ്യാന്തം
ആടിത്തിമർക്കുന്നതീ പിറവി
വേഷപകർച്ചയിൽ – ആനന്ദലബ്ധിയോ?
അനുകരണശൈലിയോ?
വിഷാദമാം നഷ്ടസ്വർഗ്ഗമാണോ യീ പിറവി
അവസ്ഥാന്തരങ്ങളിൽ പലായനം
ചെയ്യുമീ പിറവി
ഖ്യാതിയിലഭിമാനപൂരിതമാകന്നതീ പിറവി
അഭിനിവേശമായോരാ വിഖ്യാതിയാകുന്നതീ പിറവി
മുപ്പാരിനധിപരായ് വിലസുമീ പിറവി
ഔചിത്യമായോരു ഭൂഷണമല്ലോയീ പിറവി

അപൂർണതയുടെ നിർവചനമാണീ പിറവി
പരിപൂർണ്ണതയുടെ സാഫല്യമാണീ പിറവി
രചനതൻ വർണ്ണ കടലാസുകളാണീ പിറവി
പാരിങ്കലേതുമേ…. ഉപമയില്ലാത്തൊരു –
പാരം പരമാർത്ഥ സത്യമീ പിറവി
മൃതിയെ അതിജീവിക്കാനവകാശമില്ലാത്ത പിറവി
തല്പമഞ്ചത്തിലേറി, നടത്തിയൊ-
രാപ്പട്ടു വിരിപ്പിനടിയിലായ്..
അന്ത്യയാത്രാഭിവാദ്യം ചൊല്ലുന്ന തീ പിറവി
ഇടവേളകളിലോ…
ജന്മപുണ്യമായ്
നാമേവരും ചെയ്തീടുക
സൽകൽമ്മങ്ങൾ
അതാവട്ടെ,
ഞാൻ എന്ന പിറവി തൻ ചേതോഹരം..