പെൺകുട്ടികൾക്ക് തങ്ങളുടെ സാധ്യതകൾ തിരിച്ചറിയാനുതകുന്ന ചരിത്രനേട്ടം

“വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത ഞാനായിരിക്കും എന്നാൽ അവസാനത്തെയാളായിരിക്കില്ല,” അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ദേവി ഹാരിസ്, ജോ ബൈഡനെയും തന്നെയും വിജയപ്പിച്ചതിന് അമേരിക്കന്‍ ജനതയ്ക്ക് നന്ദിയറിച്ചു കൊണ്ടു നടത്തിയ പ്രസംഗത്തിൽ മുഴങ്ങിക്കേട്ട വാക്കുകളാണ്. അമേരിക്കയിലെ പെൺകുട്ടികൾക്ക് തങ്ങളുടെ സാധ്യതകൾ തിരിച്ചറിയാനുതകുന്ന ചരിത്ര നേട്ടമാണ് കമലയുടേത്.

ആദ്യ വനിത എന്ന് മാത്രമല്ല, “കുടിയേറ്റക്കാരുടെ മകൾ” എന്ന നിലയിലും ചരിത്രം കുറിച്ചിരിക്കുകയാണ് കമല ഹാരിസ്. ജമൈക്കയിൽ നിന്ന് അമേരിക്കയിലെത്തിയ ഡൊണൾഡ് ഹാരിസിന്റെയും ഇന്ത്യയിൽ നിന്ന് കുടിയേറിയ അമ്മ ഡോക്ടർ ശ്യാമള ഗോപാലന്റെയും മകളായ ഈ 56കാരി, വൈസ് പ്രസിഡന്റ് പദവിയിലെത്തിയത് ഔദ്യോഗിക ജീവിതത്തിലെ ചില നാഴികക്കല്ലുകൾക്ക് ശേഷമാണ്.

2004 മുതൽ 2010 വരെ സാൻ ഫ്രാൻസിസ്ക്കോ ഡിസ്ട്രിക്‌ട് അറ്റോർണിയായി സേവനമനുഷ്‌ടിച്ച ആദ്യത്തെ കറുത്ത വംശജ, 2011ൽ കാലിഫോർണിയ അറ്റോർണി ജനറൽ ആയ ആദ്യത്തെ വനിത, 2016തൊട്ട് കാലിഫോർണിയയുടെ സെനറ്റർ പദവിയിലിരുന്ന ആദ്യത്തെ സൗത്ത് ഏഷ്യൻ വംശജ എന്നിങ്ങനെയുള്ള നേട്ടങ്ങൾ കമല ഹാരിസിന് സ്വന്തം.

കമല ഹാരിസിന്റെ ചരിത്രപ്രധാനമായ നേട്ടം ഇന്ത്യയിലുള്ളവരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. രാജ്യങ്ങളുടെ അടിസ്ഥാനത്തിൽ നിശ്ചിത അളവിൽ മാത്രം ഗ്രീൻ കാർഡ് നൽകുന്ന കോട്ട സമ്പ്രദായം നിലവിലുള്ളതിനാല്‍ ഇന്ത്യയിൽ നിന്നുള്ള അനേകായിരങ്ങൾ ഗ്രീന്‍ കാര്‍ഡിനായി ഊഴം കാത്തിരിക്കുകയാണ്. ഈ സമ്പ്രദായം മാറ്റാനുള്ള നിയമനിർമ്മാണത്തിനായി മുന്നിട്ടിറങ്ങിയ സെനറ്റർമാരിൽ പ്രധാനി കമല ഹാരിസ് ആയിരുന്നു.കാശ്മീരിലെ മനുഷ്യാവകാശം, സിറ്റിസൺഷിപ് അമെൻഡ്മെന്റ് ആക്ട് തുടങ്ങിയ വിഷയങ്ങളിൽ ജോ ബൈഡനും കമല ഹാരിസും ഇന്ത്യയെ വിമർശിച്ചിരുന്നു.

1920ൽ വോട്ടു ചെയ്യാനുള്ള അവകാശം അമേരിക്കയിലെ സ്ത്രീകൾക്ക് കിട്ടിയെങ്കിലും കറുത്തവർഗക്കാരായ സ്ത്രീകൾക്ക് വോട്ടു ചെയ്യാനുള്ള സാഹചര്യങ്ങൾ കുറവായിരുന്നു. 1965ലെ വോട്ടിംഗ് റൈറ്സ് ആക്ടിന് ശേഷമാണ് കറുത്തവർഗ്ഗക്കാരായ വനിതകൾ വ്യാപകമായി വോട്ടു ചെയ്തു തുടങ്ങുന്നത്. ലോകത്തിലെ ഒരേയൊരു വൻ ശക്തിയായ അമേരിക്കയെ നയിക്കാൻ ഒരു വനിത ഇതുവരെ ഉണ്ടായിട്ടില്ല.1984ൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിച്ച ജറാൾഡിൻ ഫെററോയ്ക്ക് വിജയിക്കാൻ കഴിഞ്ഞില്ല. അമേരിക്കൻ രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതയായ ഹിലരി ക്ലിന്റൺ 2016ൽ പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ചു ചരിത്രം കുറിച്ചുവെങ്കിലും ഡൊണൾഡ് ട്രമ്പിനോട് പരാജയപ്പെട്ടു. ഇന്ന് കമല ഹാരിസ് പ്രസിഡന്റ് പദവിക്ക് തൊട്ടടുത്ത് നിൽക്കുമ്പോൾ, അത് പുതിയൊരു കാലത്തിന്റെ തുടക്കമായി വിലയിരുത്താം. അമേരിക്കയുടെ തലപ്പത്തേക്ക്, രണ്ടാം സ്ഥാനത്തേക്ക് ആദ്യമായി ഒരു വനിതയെത്തുമ്പോൾ, അതൊരു ഇന്ത്യൻ അമേരിക്കനായ വ്യക്തിയാണെന്നത് ഇന്ത്യാക്കാർക്കും അഭിമാനമുണ്ടാക്കുന്ന വിഷയമാണ്