ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’

ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘കുറുപ്പ്’. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ ‘സെക്കന്‍ഡ് ഷോ’യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രം കൂടിയാണിത്. ഏകദേശം 35 കോടിയാണ് ഇതിന്റെ മുതല്‍മുടക്ക് എന്നാണ് റിപ്പോര്‍ട്ട്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. പെരുന്നാള്‍ റിലീസായി തയ്യാറെടുത്തിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് നീട്ടിവെയ്ക്കുകയായിരുന്നു.ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ