സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പൊലീസിനെ ദുരുപയോഗം ചെയ്യാനാണ് പുതിയ പൊലീസ് ആക്ട് വഴിയൊരുക്കുക. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്നും തികച്ചും ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

2015ല്‍ അഭിപ്രായ സ്വാതന്ത്ര വിഷയത്തില്‍ സുപ്രീംകോടതി ശക്തമായ നിലപട് എടുത്തപ്പോള്‍ അതിനെ സ്വാഗതം ചെയ്ത ആളാണ് പിണറായി വിജയന്‍. ഇപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കൂച്ചു വിലങ്ങിടാനുള്ള നീക്കമായി ഇതു മാറിയിരിക്കുന്നു. സര്‍ക്കാരിന് എതിരായ ആരോപണങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള നീക്കമാണിത്. ഇപ്പൊള്‍ തന്നെ പോലീസിനെ സര്‍ക്കാര്‍ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ നിലവില്‍ ഉള്ള സംവിധാനം ഉപയോഗിക്കാത്ത സര്‍ക്കാരാണിത്. പൊലീസ് ആക്ട് പരിഷ്‌കാരത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കണം.

രമേശും മുല്ലപ്പള്ളിയും ഇതിനെ ചോദ്യം ചെയ്യാത്തത് എന്തു കൊണ്ടാണ്. കിഫ്ബിയില്‍ ഐസക് വീണിടത്ത് കിടന്നു ഉരുളുകയാണ്. മസാല ബോണ്ടില്‍ അന്വേഷണം വരും എന്ന ഭയത്താലാണ് ഐസക് സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയത്. കിഫ്ബി അന്വേഷിക്കപ്പെടും എന്ന് ഐസക് മുന്‍കൂട്ടി കണ്ടു. കിഫ്ബിയില്‍ നടക്കുന്നത് അഴിമതിയാണ്. ഇതില്‍ ധനകാര്യ മന്ത്രിക്ക് പങ്കുണ്ട്. വ്യക്തമായ ഗൂഢാലോചനയുണ്ട്.

രണ്ട് മന്ത്രിമാര്‍ക്കെതിരെ ഭൂമി ഇടപാട് സംബന്ധിച്ച് ഉയര്‍ന്ന ആരോപണത്തില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെന്നും സുരേന്ദ്രന്‍ ചോദിച്ചു. ലൈഫ് പദ്ധതിയെ ആരും തടസപ്പെടുത്തിയില്ല. കരാറുകാരന്‍ തന്നെ പദ്ധതി ഉപേക്ഷിച്ച് ഓടി പോയതാണ്. ജയിലില്‍ പോയാലും താന്‍ അഴിമതിക്കെതിരെ ശബ്ദം ഉന്നയിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.