ആരോപണം തെളിഞ്ഞാല്‍ സ്പീക്കര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ? കെ. സുരേന്ദ്രൻ

    കോഴിക്കോട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ വീണ്ടും വിമർശനവുമായി ബി.ജെ.പി. കള്ളക്കടത്ത് സംഘങ്ങളുമായി സ്പീക്കർക്ക് ബന്ധമുണ്ട്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വർണ്ണക്കള്ളക്കടത്തിൽ പങ്ക് തെളിഞ്ഞാൽ സ്പീക്കർ പൊതുപ്രവർത്തനം നിർത്തുമോയെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

    ശ്രീരാമകൃഷ്ണനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമല്ല. നിയമസഭ സ്പീക്കറെന്ന നിലയില്‍ പാലിക്കേണ്ട ജാഗ്രതയൊ മര്യാദയൊ സ്പീക്കര്‍ കാണിച്ചിട്ടില്ല. സ്വര്‍ണക്കടത്തുകാരെ താന്‍ സഹായിച്ചിട്ടില്ലെന്നാണ് സ്പീക്കര്‍ പറയുന്നത്. സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്തുമായുള്ള ബന്ധത്തിന് തെളിവുണ്ട്. ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ തയ്യാറാകുമോ?- സുരേന്ദ്രൻ ചോദിച്ചു.

    സ്പീക്കര്‍ ഊരാളുങ്കലിന് വേണ്ടി വലിയ അഴിമതി നടത്തി. ഊരാളുങ്കല്‍ സൊസൈറ്റി സി.പി.എം. നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമാണ്. അധികം തുകയുടെ ടെണ്ടര്‍ നല്‍കി ബാക്കി തുക നേതാക്കള്‍ പങ്കിട്ടെടുക്കുന്നു. വൈദഗ്ധ്യമില്ലാത്ത മേഖലകളിലും സി.പി.എം. ഭരിക്കുന്ന ഊരാളുങ്കലിന് സര്‍ക്കാര്‍ കരാര്‍ നല്‍കുന്നുവെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

    സി.എം രവീന്ദ്രൻ്റെ അസുഖമെന്താണന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് പറയണം. സ്വർണ്ണക്കടത്ത് കേസ് അന്വേഷണം വൈകിപ്പിക്കാനാണ് നീക്കം. രണ്ടാഘട്ട വോട്ടെടുപ്പിൽ പോളിംഗ് വർധിച്ചത് എൻ.ഡി.എയ്ക്ക് ഗുണകരമാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.