വോട്ട് എണ്ണുമ്പോള്‍ മനസ്സിലാകും ആര്‍ക്കാണ് ക്ഷീണമെന്ന്: മുഖ്യമന്ത്രി പിണറായി വിജയന്‍

    കണ്ണൂര്‍: ഇതുപോലൊരു തെരഞ്ഞെടുപ്പ് ഒരു ഘട്ടത്തിലും നേരിടേണ്ടി വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ പിണറായിയിലെ ചേരിക്കല്‍ സ്‌കൂളില്‍ കുടുംബത്തോടൊപ്പം വോട്ടു ചെയ്യാനെത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    എല്ലാ പ്രതിലോമശക്തികളും ഒന്നിച്ച് ഏകോപിച്ച് ഇടതുപക്ഷത്തെ നേരിടാന്‍ തയ്യാറെടുത്ത് ഇരിക്കുകയാണ്. അതിനാവശ്യമായ എല്ലാ ഒത്താശകളും കേന്ദ്രഏജന്‍സികള്‍ ചെയ്തുകൊടുക്കുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പില്‍ അവര്‍ക്കുണ്ടായ പ്രതീക്ഷ ഇതൊക്കെ കൊണ്ട് തങ്ങളെ ചെറിയതോതില്‍ ക്ഷീണിപ്പിക്കാം എന്നാണ്.

    പക്ഷേ പതിനാറാം തീയതി വോട്ട് എണ്ണുമ്പോള്‍ മനസ്സിലാവും ആരാണ് ക്ഷീണിക്കുന്നത് എന്ന്. അതിനുശേഷം കൂടുതല്‍ കടുത്ത നടപടികളിലേക്ക് വേണമെങ്കില്‍ അവര്‍ക്ക് കടക്കാം. ജയിക്കാന്‍ സാധ്യതയില്ല എന്ന് വിലയിരുത്തിയ ഇടങ്ങളില്‍ പോലും എല്‍ഡിഎഫ് നേട്ടമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    വാക്‌സിന്‍ വിവാദത്തിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. കോവിഡ് ചികിത്സ മുഴുവന്‍ സൗജന്യമായാണ് സംസ്ഥാനം നല്‍കുന്നത്. പ്രസ്താവനയില്‍ ഒരു പെരുമാറ്റച്ചട്ടവും ലംഘിച്ചിട്ടില്ല.
    കോവിഡിനെ പ്രതിരോധിക്കാനുള്ള കുത്തിവെപ്പിന് ചെറിയ പൈസ ഇങ്ങോട്ടു വരട്ടെ എന്ന സംസ്ഥാനം കരുതില്ല.

    കള്ളവോട്ട് ആരോപണ വിവാദം വേറെ ഒന്നും പറയാനില്ലാത്തത് കൊണ്ട് വിളിച്ചു പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ഗവണ്‍മെന്റിനെതിരെ ഇങ്ങനെയെല്ലാം വിളിച്ചു പറയാമോ എന്ന ആഗ്രഹത്തോടെയാണ് ജനങ്ങള്‍ വോട്ട് ചെയ്യാന്‍ വരുന്നത്. കള്ളവോട്ട് നടക്കുന്നുവെന്ന ആരോപണം എല്ലാ ഘട്ടത്തിലും പറയാറുള്ളതാണ്

    ജമാഅത്തെയുമായുള്ള യുഡിഎഫ് കൂട്ടുകെട്ട് ലീഗിന്റെ അടിത്തറ ഇളക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വലിയ രോഷത്തോടെ ആണ് മുസ്ലിം പൊതുജനങ്ങള്‍ ഇതില്‍ പ്രതികരിക്കുന്നത്. ലീഗ് നേതാക്കള്‍ അടക്കം അതിനെതിരെ പ്രതികരിച്ചെന്നും മുഖ്യമന്ത്രി.