തിരുവനന്തപുരം: ജയിൽ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സരിത്തിനെയും ജയിലിൽ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റിന് കോടതിയുടെ അനുമതി. മൂന്നു ദിവസം ചോദ്യം ചെയ്യാനാണ് കൊച്ചി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇ.ഡി പ്രതികളെ ചോദ്യം ചെയ്യുന്നത്.
കോടതി ഉത്തരവ് അനുസരിച്ച് ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ സ്വപ്നയെയും സരിത്തിനെയും രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ മൂന്നു ദിവസം ചോദ്യം ചെയ്യാം. അതേസമയം ചോദ്യം ചെയ്യലിന്‍റെ പേരില്‍ പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.
ഇന്നുതന്നെ ചോദ്യം ചെയ്യല്‍ തുടങ്ങാനാണ് എന്‍ഫോഴ്സ്മെന്‍റ് നീക്കം. ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ ഉന്നത പദവി വഹിക്കുന്ന ഒരു നേതാവ് പണമടങ്ങിയ ബാഗ് ഔദ്യോഗികവസതിയില്‍ വച്ച് സ്വപ്നയ്ക്കു കൈമാറിയെന്ന വിവരത്തെത്തുടര്‍ന്നാണ് അടിയന്തരമായി പ്രതികളെ ചോദ്യം ചെയ്യാനുള്ള എന്‍ഫോഴ്സ്മെന്‍റ് നീക്കം. ഡോളര്‍ കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിനാണ് ഇത്തരത്തില്‍ മൊഴി ലഭിച്ചത്.
പണം അടങ്ങിയ ബാഗ് നേതാവ് തന്റെ ഔദ്യോഗിക വസതിയിൽ വച്ചാണ് തങ്ങൾക്കു കൈമാറിയതെന്നും അത് യു.എ.ഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥനു കൈമാറിയെന്നുമുള്ള ഗുരുതര മൊഴിയാണ് കസ്റ്റംസിന് സ്വപ്നയും സരിത്തും നൽകിയത്. ഡോളർ കടത്തിൽ ഈ നേതാവിനു പങ്കുണ്ടെന്ന് പ്രതികൾ മൊഴി നൽകിയതിനു പിന്നാലെയാണ് പുതിയ മൊഴിയും പുറത്തുവന്നത്.
നേതാവ് ആദ്യം പേട്ടയിലുള്ള ഒരു പ്രവാസിയുടെ ഫ്ലാറ്റിൽ എത്താനാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് സ്വപ്ന പറയുന്നു. നാലാം നിലയിലെ ഫ്ലാറ്റിൽ സരിത്തിനെയും കൂട്ടി ചെല്ലുമ്പോൾ നേതാവ് ഗസൽ കേട്ടിരിക്കുകയായിരുന്നു. അവിടെനിന്നു സ്വപ്നയുടെ വാഹനത്തിലാണ് ഔദ്യോഗിക വസതിയിലേക്കു പോയത്. ഔദ്യോഗിക വസതിയിൽവച്ച് നേതാവ് നൽകിയ പണം അടങ്ങിയ ബാഗ് സ്വപ്ന വാങ്ങി തന്നെ ഏൽപിച്ചെന്നും കോൺസുലേറ്റിലെ ഉന്നതനു നൽകണമെന്നു പറഞ്ഞെന്നുമാണ് സരിത്തിന്റെ മൊഴി. സരിത്തിന്റെ മൊഴി സ്വപ്നയും ശരിവച്ചിട്ടുണ്ട്.