കോട്ടയം പനച്ചിക്കാട് പാറമട കുളത്തില്‍ അമ്മയും മകളും മരിച്ച നിലയില്‍; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

    കോട്ടയം: കോട്ടയം പനച്ചിക്കാട് അമ്മയും മകളും മരിച്ച നിലയില്‍. തിങ്കളാഴ്ച കാണാതായ മാടപ്പളളി കരോട്ട് വീട്ടില്‍ ഓമന (59) മകള്‍ ധന്യ (37) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

    വീടിന് സമീപത്തെ പാറമട കുളത്തില്‍ നിന്നുമാണ് ഇവരുടെ മൃതദേഹം ലഭിച്ചത്. ചൊവ്വാഴ്ച രാവിലെയോടെ ഓമനയുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. പിന്നാലെ ധന്യയുടെ മൃതദേഹവും കണ്ടെടുത്തു. കടബാധ്യതയെ തുടര്‍ന്നുള്ള കുടുംബപ്രശ്നങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

    ഇരുവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താക്കന്‍മാര്‍ അറിയാതെ ഇരുവരും ചില സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതായും ഇതേ ചൊല്ലി കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടില്‍ വഴക്കു നടന്നിരുന്നുവെന്നും സൂചനയുണ്ട്.