കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍; അതിവേഗം വ്യാപിച്ചേക്കും: റിപ്പോര്‍ട്ട്

    ലണ്ടന്‍  ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ദക്ഷിണ ബ്രിട്ടനിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇത് കോവിഡ് വ്യാപനം വേഗത്തിലാകാന്‍ ഇടയാക്കിയേക്കുമെന്ന് ആശങ്കയുയര്‍ത്തുന്നുവെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാന്‍കോക് വ്യക്തമാക്കി.
    വാക്‌സീനെടുത്ത് ലണ്ടനില്‍ മലയാളി ഡോക്ടര്‍; ആശങ്കയില്ലാതെ കോവിഡ് വാര്‍ഡില്‍

    പ്രതിദിന കോവിഡ് കണക്കുകളിലും ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടെന്ന് മാറ്റ് ഹാന്‍കോക് പറഞ്ഞു. ചില പ്രദേശങ്ങളില്‍ ഏഴു ദിവസം കൂടുമ്പോള്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു. ഈ സ്ഥിതി തുടരുന്നത് അപകടകരമാണ്.

    കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലണ്ടനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തിയറ്റര്‍, പബ്, റസ്റ്ററന്റ് തുടങ്ങിയവ അടയ്ക്കും. കുടുംബാംഗങ്ങള്‍ അല്ലാത്തവരുമായി ഇടപഴകരുതെന്നും പൊതു സ്ഥലങ്ങളില്‍ പരമാവധി ആറു പേരില്‍ കൂടുതല്‍ കൂട്ടംകൂടരുതെന്നും നിര്‍ദേശമുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സ്ഥിതി വഷളാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കൂടെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് മാറ്റ് ഹാന്‍കോക് പറഞ്ഞു.

    ലണ്ടനിലും ദിനംപ്രതി രോഗികളുടെ എണ്ണത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും കടുത്ത വര്‍ധനവാണുണ്ടാകുന്നത്. രോഗം പടര്‍ന്നുപിടിക്കുന്ന സ്ഥലങ്ങളില്‍ 11നും 18നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായി കോവിഡ് പരിശോധന ആരംഭിച്ചു.

    രൂപാന്തരം പ്രാപിച്ച പുതിയ കൊറോണ വൈറസ് അതിവേഗം പടരുന്നതാണെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ വീണ്ടും കൂടുതല്‍ ആളുകള്‍ രോഗത്തിന്റെ പിടിയിലാകുമെന്നത് ആശങ്കാജനകമാണെന്ന് ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റി വൈറോളജി വിഭാഗത്തിലെ ആന്‍ഡ്രൂ ഡേവിഡ്സണ്‍ പറഞ്ഞു. പുതിയ വാക്സീനെയും ചികിത്സകളെയും ഇത് എത്രത്തോളം ബാധിക്കുമെന്നാണ് ഗവേഷകരുടെ ആശങ്ക. കഴിഞ്ഞയാഴ്ചയാണ് ബ്രിട്ടനില്‍ ഫൈസര്‍ വാക്സീന്‍ ഉപയോഗിച്ച് തുടങ്ങിയത്. അതിനിടിയിലാണ് ലണ്ടനുള്‍പ്പെടെ വീണ്ടും നിയന്ത്രണങ്ങളിലേക്കു പോകുന്നത്.