സ്വപ്നയ്ക്ക് ജയിലില്‍ ഭീഷണി: അന്വേഷിക്കാന്‍ കോടതി ഉത്തരവ്

    തിരുവനന്തപുരം:  ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. മാധ്യമവാര്‍ത്തകളെ തുടര്‍ന്നുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. സ്വപ്നയെ ജയിലില്‍ ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തി ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ഫോര്‍ട്ട് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് അന്വേഷണച്ചുമതല.
    എന്നാല്‍, സ്വപ്നയ്ക്കു ജയിലില്‍ ഭീഷണിയില്ലെന്നാണു ജയില്‍ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

    സ്വപ്നയുടെ ശബ്ദസന്ദേശത്തെപ്പറ്റി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്, തന്നോടു ഫോണ്‍ ചെയ്യാന്‍ നിര്‍ദേശിച്ച വനിതാ പൊലീസുദ്യോഗസ്ഥരുടെ വിവരങ്ങള്‍ സ്വപ്ന കൈമാറിയെന്നാണു വിവരം. അവര്‍ പറഞ്ഞതുപോലെയാണു ഫോണില്‍ സംസാരിച്ചതെന്നും സ്വപ്ന പറഞ്ഞിരുന്നു.