കോഴിക്കോട്ന്മ ജില്ലയില്‍ ഫറോക്ക് കല്ലമ്പാറ സ്വദേശിയായ ഒന്നരവയസ്സുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളത്തിലൂടെയാണ് രോഗവ്യാപനമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഈ മേഖലയില്‍ 110 കിണറുകള്‍ ശുചീകരിച്ചിട്ടുണ്ട്. നേരത്തേ, മായനാട് കോട്ടാംപറമ്പ് ഭാഗത്തെ രണ്ടു കിണറുകളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതായി ആരോഗ്യ വകുപ്പിന് പ്രാഥമിക വിവരം ലഭിച്ചിരുന്നു.
പ്രദേശത്ത് ഷിഗെല്ല ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം 5 കിണറുകളിലെ വെള്ളം എടുത്ത് മലാപ്പറമ്പിലെ റീജനല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കാന്‍ 4 ദിവസം കൂടി കഴിയും. സാംപിള്‍ എടുത്തതുള്‍പ്പെടെ നാനൂറോളം കിണറുകളില്‍ ഇതിനകം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി.
കോഴിക്കോട് ജില്ലയില്‍ പത്തുപേര്‍ക്കാണ് ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചിട്ടുള്ളത്. കോട്ടാംപറമ്പ് പ്രദേശത്ത് ഷിഗെല്ല ലക്ഷണങ്ങളോടെ 39 പേരാണ് വീടുകളില്‍ ചികിത്സയിലുള്ളത്. ഷിഗെല്ല രോഗവ്യാപനത്തിന്റെ ഉറവിടം അറിയാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നുള്ള ഡോ. എ.എല്‍.സച്ചിന്‍, ഡോ. നിഖില്‍ മേനോന്‍ എന്നിവര്‍ ഇന്നലെയും പ്രദേശത്ത് പരിശോധന നടത്തി.
കോര്‍പറേഷനും എന്‍എച്ച്എമ്മും ഇന്നു രാവിലെ 10ന് കോട്ടാംപറമ്പില്‍ തുടര്‍ മെഡിക്കല്‍ ക്യാംപ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവര്‍ക്ക് മരുന്നു നല്‍കിയിരുന്നു. ഇവരോടും ഇന്നത്തെ ക്യാംപില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്