ആരാണ് ‘ശ്രീമതി റസിയുണ്ണി’? സ്വർണക്കടത്ത് കേസിലെ പുതിയൊരു വ്യക്തിയെ കുറിച്ചുള്ള പരാമർശം ശിവശങ്കറിനെതിരായ കുറ്റപത്രത്തിൽ

    കൊച്ചി: സ്വർണക്കടത്ത് കേസിൽ പുതിയൊരു കഥാപത്രത്തിന്റെ കൂടി പേര് പുറത്തുവിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ശ്രീമതി റസിയുണ്ണി(Smt.Resyunni) എന്നതാണ് പേര്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിലാണ് റസിയുണ്ണി എന്ന പേര് ഉൾപ്പെട്ടിരിക്കുന്നത്.

     

    കൺസൾട്ടൻ‌സി സ്ഥാപനമായ പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്സുമായി ബന്ധപ്പെട്ട് നടന്ന 80 ലക്ഷം രൂപയുടെ അഴിമതിയെക്കുറിച്ചും സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാർത്തകളെക്കുറിച്ചും ശിവശങ്കർ റസിയുണ്ണിയുമായി വാട്സാപ് ചാറ്റ് നടത്തിയെന്നാണ് ഇ.ഡി കുറ്റപത്രത്തിൽ ആരോപിക്കുന്നത്. ചാറ്റിന്റെ വിശദാംശങ്ങളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഈ റസിയുണ്ണി ആരാണെന്ന് കുറ്റപത്രത്തിൽ ഒരിടത്തും വിശദമാക്കിയിട്ടുമില്ല. കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൊഴി രേഖപ്പെടുത്തിയവരുടെ കൂട്ടത്തിലും ഇങ്ങനെയൊരാളില്ല. കേസിലെ പ്രതികളായ സരിത്, സ്വപ്ന എന്നിവരെക്കുറിച്ചു ശിവശങ്കർ റസിയുണ്ണിയുമായി ചാറ്റ് ചെയ്തിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.

    സ്വപ്ന സുരേഷ്, പി.എസ്.സരിത്, സന്ദീപ് നായർ എന്നിവർക്കെതിരെ ഇഡി നേരത്തെ കുറ്റപത്രം നൽകിയിരുന്നു. കേസിൽ ശിവശങ്കറിന് ആഴത്തിലുള്ള പങ്കുണ്ടെന്നു കണ്ടെത്തിയതോടെയാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.

    ശിവശങ്കറിന്റെ കഴിഞ്ഞ ജന്മദിനത്തിൽ സ്വപ്ന ഐഫോൺ സമ്മാനിച്ച കാര്യവും 2018 ലെ ജന്മദിനത്തിൽ വിലകൂടിയ വാച്ച് സമ്മാനിച്ചകാര്യവും ശിവശങ്കറിന്റെ മൊഴികളായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ വിലകൂടിയ സമ്മാനങ്ങൾ വാങ്ങുന്നതു നിയമവിരുദ്ധമല്ലേയെന്ന് ഇഡി ശിവശങ്കറിനോടു ചോദിച്ചപ്പോൾ അടുത്ത ബന്ധുക്കളിൽ നിന്നും കുടുംബസുഹൃത്തുക്കളിൽ നിന്നും ജന്മദിന സമ്മാനങ്ങൾ വാങ്ങുന്നതിൽ തെറ്റില്ലെന്നായിരുന്നു മറുപടി.

    ലൈഫ് മിഷൻ ഇടപാടിൽ 1.08 കോടി രൂപ കോഴ ലഭിച്ചശേഷം യൂണിടാക് ബിൽഡേഴ്സിനെ ശിവശങ്കർ പലർക്കും ശുപാർശ ചെയ്തതിന്റെ വിവരങ്ങളും ഇഡിക്കു ലഭിച്ചു. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കു ശിവശങ്കർ ഉത്തരം നൽകിയില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.

    ∙ 2019 ഏപ്രിൽ 2ലെ വാട്സാപ് സന്ദേശങ്ങളിൽ നിന്നു നയതന്ത്ര പാഴ്സൽ വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതായി തെളിഞ്ഞു. ഇക്കാര്യം കൊച്ചിയിലെ കസ്റ്റംസ് ക്ലിയറിങ് ഏജൻസിയായ കപ്പിത്താൻസിലെ വർഗീസ് ജോർജ് സ്ഥിരീകരിച്ചതായും കുറ്റപത്രത്തിലുണ്ട്. ∙ ഇക്കാര്യം കോൺസുലേറ്റിൽ അറിയിക്കാൻ വിളിച്ചപ്പോൾ പി.എസ്.സരിത് ഫോണെടുത്തു. വൈകാതെ വെല്ലിങ്‌ടൻ ഐലൻഡിലെ കസ്റ്റംസ് ഹൗസ് ഓഫിസിലേക്കും ഫോൺവിളിയെത്തി. അന്ന് നയതന്ത്ര പാഴ്സൽ തുറന്നു പരിശോധിക്കാൻ കസ്റ്റംസ് തീരുമാനിച്ചെങ്കിലും ശിവശങ്കറിന്റെ ഫോൺവിളി എത്തിയതോടെ പരിശോധന ഒഴിവാക്കി വിട്ടുകൊടുത്തെന്നും കുറ്റപത്രത്തിൽ പറയുന്നു.

    സിയാലുമായി ബന്ധപ്പെട്ട ജെസ്റ്റോ, സതീഷ് എന്നിവരുടെ ഫോൺ നമ്പറുകൾ ശിവശങ്കറും സ്വപ്നയും വാട്സാപ് വഴി കൈമാറി. അവരെ അറിയുമോയെന്ന ചോദ്യത്തിനു ശിവശങ്കർ ഇല്ലെന്നാണു മറുപടി നൽകിയതെന്നും കുറ്റപത്രത്തിലുണ്ട്.