തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താൻ ആലോചന. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് രണ്ടാം വാരം പുറപ്പെടുവിക്കും. ഏപ്രിൽ അവസാനമോ മേയ് ആദ്യമോ തെരഞ്ഞെടുപ്പ് നടക്കും. സർക്കാരുമായും രാഷ്ട്രീയ പാർട്ടികളുമായും ചർച്ച ചെയ്തശേഷം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഇതു സംബന്ധിച്ച റിപ്പോർട്ട് തെരഞ്ഞെടുപ്പു കമ്മിഷന് കൈമാറും.
ഗ്രാമമേഖലകളിലെ ഒരു പോളിങ് സ്റ്റേഷനിൽ 1400 വോട്ടർമാർ ആയിരുന്നത് 1000 ആക്കിയിട്ടുണ്ട്. ആയിരം വോട്ടർമാരിലധികമുള്ള പോളിങ് സ്റ്റേഷനുകളുടെ എണ്ണം 15,000 നു മുകളിലാണ്. നിലവിലുള്ള 25,000 കൂടി ചേരുമ്പോൾ 45,000 പോളിങ് സ്റ്റേഷൻ വേണ്ടിവരും.
പോളിങ് സ്റ്റേഷനുകൾക്ക് കെട്ടിട സൗകര്യം ഉണ്ടോ എന്നു പരിശോധിക്കാൻ കലക്ടർമാർക്കു നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ആവശ്യത്തിനു ജീവനക്കാരുണ്ടോ എന്നും പരിശോധിക്കും. ജീവനക്കാർ കുറവാണെങ്കിൽ മറ്റു ജില്ലകളിൽനിന്ന് ജീവനക്കാരെ എത്തിക്കും. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ പരമ്പരാഗതമായി ഒറ്റഘട്ട തിരഞ്ഞെടുപ്പ് മാറ്റി രണ്ട് ഘട്ടമാക്കാനാണ് ആലോചിക്കുന്നത്. എല്ലാവരുടെയും അഭിപ്രായം അറിഞ്ഞശേഷം തീരുമാനമെടുക്കും. 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും തപാൽ വോട്ട് ഏർപ്പെടുത്തും. കോവിഡ് രോഗികളുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.











































