തമിഴ്‌നാട്ടില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തിരുവനന്തപുരം സ്വദേശി; സ്ഥിരീകരിച്ച് കേരള പൊലീസ്

തിരുവനന്തപുരം: തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തിരുവനന്തപുരം,  മലയിന്‍കീഴ് സ്വദേശി ദീപു ആണെന്ന് സ്ഥിരീകരിച്ച് കേരള പൊലീസ്. തമിഴ്നാട് പൊലീസില്‍നിന്ന് വിവരം ലഭിച്ചതോടെ മലയിന്‍കീഴ് പോലീസ് ദീപുവിന്റെ വീട്ടിലെത്തി.  അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞവര്‍ഷം ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ടുണ്ടായ  സംഘര്‍ഷത്തില്‍ ദീപുവും പ്രതിയായിരുന്നു. ഇതിനുപിന്നാലെയാണ് മകന്‍ ഒളിവില്‍ പോയെന്നും ഒരു വര്‍ഷത്തിലേറെയായി  വീട്ടില്‍ വരാറില്ലെന്നും മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു.

ദീപുവിനെതിരേ മലയിന്‍കീഴ്, ഫോര്‍ട്ട് പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു. ദീപുവിനൊപ്പമുണ്ടായിരുന്ന അരവിന്ദും ചില കേസുകളില്‍ പ്രതിയാണ്. പൂജപ്പുരയില്‍ താമസിക്കുന്ന അരവിന്ദ് മിട്ടു അരവിന്ദ് എന്നാണ് അറിയപ്പെട്ടിരുന്നത്.

മോഷണം ആരോപിച്ച് കഴിഞ്ഞ ദിവസമാണ് തിരുച്ചിറപ്പള്ളിയിലെ അല്ലൂരില്‍ മലയാളി യുവാക്കളെ നാട്ടുകാര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചത്. മോഷ്ടാക്കളാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഗുരുതരമായി പരിക്കേറ്റ ദീപുവിനെയും അരവിന്ദിനെയും പിന്നീട് പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദീപു മരിച്ചിരുന്നു. അരവിന്ദിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്നവിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ തമിഴ്നാട് പോലീസ് ഉടന്‍തന്നെ കേരളത്തിലെത്തുമെന്നും സൂചനയുണ്ട്.