മന്ത്രിമാർക്കു പിന്നാലെ സ്പീക്കറും ഗവർണറെ കണ്ടു; പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നൽകും

    തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ ഈ മാസം 31നു പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാ‍ൻ അനുമതി നൽകും. മന്ത്രിമാരായ എ.കെ.ബാലൻ, വി.എസ്.സുനിൽകുമാർ എന്നിവർ വ്യാഴാഴ്ചയും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഇന്നലെയും രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച ചേരാനിരുന്ന സമ്മേളനത്തിന് സ്പീക്കർ അനുമതി നൽകിയിരുന്നില്ല.

    ജനുവരിഎട്ടിന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗത്തിനു ഗവർണറെ ക്ഷണിക്കാനാണ് സ്പീക്കർ രാജ്ഭവനിലെത്തിയത്.

    സർക്കാരുമായി ഏറ്റുമുട്ടലിന് ആഗ്രഹമില്ലെന്നും എന്നാൽ റബർ സ്റ്റാംപായി കാണരുതെന്നും മന്ത്രിമാരോടു ഗവർണർ വ്യക്തമാക്കി.  കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മാത്രമല്ല സഭ ചേരുന്നതെന്നും കേരളത്തെ സമരം ബാധിക്കാനുള്ള സാധ്യത കണക്കിലെടുക്കണമെന്നും മന്ത്രിമാർ വിശദീകരിച്ചു. മന്ത്രിമാർ നൽകിയ ക്രിസ്മസ് കേക്കും ഗവർണർ സ്വീകരിച്ചിരുന്നു.