പി.കെ. ശശി സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലേക്ക്; ജില്ലാ നേതൃത്വത്തിലേക്ക് മടങ്ങിയെത്തുന്നത് 2 വർഷത്തിനു ശേഷം

    പാലക്കാട്:  ഡിവൈഎഫ്ഐ വനിതാ നേതാവിനേ‍ാടു അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തി‍ൽനിന്നു സസ്പെൻഡ് ചെയ്ത പി.കെ. ശശി എംഎൽഎയെ 2 വർഷത്തിനുശേഷം സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലേക്കു തിരിച്ചെടുക്കാൻ തീരുമാനം.

    പാർട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണു തീരുമാനം. വിഷയത്തിൽ ജില്ലാ കമ്മിറ്റിക്കു തീരുമാനിക്കാമെന്നു സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരുന്നു. സംസ്ഥാന കമ്മിറ്റി അംഗീകാരത്തേ‍ാടെ തീരുമാനം നടപ്പാക്കും.

    ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ 2018 നവംബറിലാണു ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന പി.കെ. ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തത്. 2018 ഒക്ടോബറിലാണു ശശിക്കെതിരെ വനിതാ നേതാവ് പാർട്ടി നേതൃത്വത്തിനു നൽകിയ പരാതി പുറത്തറിഞ്ഞത്. വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി മുതിർന്ന നേതാക്കളായ പി.കെ. ശ്രീമതി, എ.കെ. ബാലൻ എന്നിവരടങ്ങിയ കമ്മിഷനെ നിയോഗിച്ചിരുന്നു.

    കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. നടപടിക്കു വിധേയനായി പ്രവർത്തിച്ച പി.കെ. ശശിയെ 2019 മേയിൽ പാർട്ടിയിലേക്കു തിരിച്ചെടുത്തു. സെപ്റ്റംബറിൽ ജില്ലാ കമ്മിറ്റി അംഗമാക്കി. തുടർന്നുള്ള അദ്ദേഹത്തിന്റെ പ്രവർത്തനംകൂടി വിലയിരുത്തിയാണു ജില്ലാ സെക്രട്ടേറിയറ്റിലേക്കു തിരിച്ചെടുക്കുന്നത്. ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തതു വഴി ജില്ലാ സെക്രട്ടേറിയറ്റിൽ ഉണ്ടായ ഒഴിവിലേക്കു തന്നെയാണു തിരിച്ചെടുക്കൽ.