തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ മരിച്ച രാജന്റെയും അമ്പിളിയുടെയും രണ്ട് മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. കുട്ടികള്‍ക്ക് വീടും സ്ഥലവും നല്‍കും. തീയാളി മരിച്ച ഇരുവരുടെയും അനാഥരായ മക്കളുടെ വാക്കുകള്‍ കേരളം വേദനയോടെയാണ് കേട്ടുനിന്നത്.
തിരുവനന്തപുരം: കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിവര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കവേ പൊള്ളലേറ്റ് ദമ്പതികൾ മരിച്ച സംഭവത്തിൽ മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും. രാജൻ- അമ്പിളി ദമ്പതികളുടെ മക്കൾക്ക് സ്ഥലവും വീടും നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഡി.ജി.പിയും ഉത്തരവിട്ടു. തിരുവനന്തപുരം റൂറല്‍ എസ് പി ബി അശോകിനാണ് അന്വേഷണ ചുമതല.
രണ്ട് കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്. വിഷയം വലിയ വിവാദമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി അടിയന്തരനിര്‍ദേശം നല്‍കുകയായിരുന്നു. ഇന്ന് തൃശ്ശൂരിലും എറണാകുളത്തുമായി കേരളപര്യടനപരിപാടിയിലാണ് മുഖ്യമന്ത്രി. നേരത്തേ യൂത്ത് കോണ്‍ഗ്രസും കുട്ടികള്‍ക്ക് വീടും സ്ഥലവും നല്കാന് സന്നദ്ധത അറിയിച്ചിരുന്നു.
മരിച്ച ദമ്പതിമാരുടെ അയല്‍വാസിയായ സ്ത്രീയുടെ സ്വാധീനത്തിന് വഴങ്ങി പോലീസ് കുടിയൊഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോയെന്നാണ് ആരോപണം. കോടതി ജനുവരി നാലാം തിയ്യതിവരെ സാവകാശം നല്‍കികൊണ്ട് മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന് വിരുദ്ധമായി പോലീസ് കുടിയൊഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇത് തടയാനായി ആത്മഹത്യ ഭീഷണി മുഴക്കുമ്പോഴാണ് രാജനും ഭാര്യയ്ക്കും പൊള്ളലേറ്റത്.
പൊലീസിനോട് രാജന് സാവകാശം ചോദിച്ചുവെങ്കിലും നല്‍കിയില്ല. കൂടാതെ പോലീസിനോടൊപ്പം കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കായി റവന്യൂ ഉദ്യോഗസ്ഥരാരും എത്തിയിരുന്നുമില്ല. തുടങ്ങിയ ആരോപണങ്ങളാണ് പോലീസിനെതിരെ ഉയരുന്നത്. സംഭവത്തില്‍ പോലീസിന് വീഴ്ചപറ്റിയതായാണ് പ്രഥമിക വിലയിരുത്തല്‍.