തിരുവനന്തപുരം: യാക്കോബായ സഭയ്ക്കു നീതി ലഭ്യമാക്കാന്‍ നിയമനിര്‍മാണം ആവശ്യപ്പെട്ടു സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അവകാശ സംരക്ഷണ യാത്ര തലസ്ഥാനത്തു സമാപിച്ചു.
സുപ്രീം കോടതി വിധിയില്‍ യാക്കോബായ സഭയ്ക്ക് അനുകൂലമായ പല കാര്യങ്ങളും നടപ്പാക്കാത്തതില്‍ പ്രതിഷേധിക്കുന്നതായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത തുമ്പമണ്‍ ഭദ്രാസനാധിപനും സഭാ ലിറ്റിഗേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.
ജനുവരി ഒന്നിന് തിരുവനന്തപുരത്ത് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് മുംബൈ ഭദ്രാസനാധിപനും സമരസമിതി കണ്‍വീനറുമായ തോമസ് മാര്‍ അലക്സന്ത്രയോസ് അറിയിച്ചു. മാത്യൂസ് മാര്‍ തിമോത്തിയോസ് വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഐസക് മാര്‍ ഒസ്താത്തിയോസ്, കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, സഖറിയാസ് മാര്‍ പീലക്സിനോസ്, മാര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്, യാക്കോബ് മാര്‍ അന്തോണിയോസ്, ഭാഗവത ചൂഡാമണി പള്ളിക്കല്‍ സുനില്‍ജി, അനൂപ് ജേക്കബ് എംഎല്‍എ, സഭാ വൈദിക ട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലില്‍ കോറെപ്പിസ്കോപ്പ, അല്മായ ട്രസ്റ്റി ഷാജി ചൂണ്ടയില്‍, സഭാ സെക്രട്ടറി പീറ്റര്‍ കെ.ഏലിയാസ്, ഫാ.ജോണ്‍ ഐപ്പ്, ഫാ.സഖറിയാ കളരിക്കാട്, ഫാ.ഫെവിന്‍ ജോണ്‍, റോയി ഐസക്, ഡോ.കോശി എം.ജോര്‍ജ്, കെ.ഒ.ഏലിയാസ്, സുരേഷ് ജയിംസ് വഞ്ചിപ്പാലം, ഫാ.റോയി ജോര്‍ജ് കട്ടച്ചിറ, പി.സി.കുര്യന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
യാക്കോബായ, ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തിനു ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിനു നിയമനിര്‍മാണം നടത്താമെന്നു 2017 ജൂലൈ 3 ലെ സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നു യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവര്‍ അറിയിച്ചു.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നടത്തുന്ന പ്രശ്നപരിഹാര ശ്രമങ്ങളെ സഭ സ്വാഗതം ചെയ്യുന്നു. പ്രതീക്ഷയോടെയാണു പ്രധാനമന്ത്രിയുടെ നീക്കത്തെ കാണുന്നത്. മുഖ്യമന്ത്രിക്ക് ഇച്ഛാശക്തിയുണ്ട്. അടുത്ത നിയമസഭാ സമ്മേളന കാലത്തു തന്നെ നിയമം കൊണ്ടു വരുമെന്നാണു പ്രതീക്ഷ. യാക്കോബായ സഭയെ സഹായിച്ചാല്‍ തിരികെ സഹായിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അതു പ്രതിഫലിച്ചിരുന്നു.സഭാ തര്‍ക്കം പരിഹരിക്കാന്‍ നിയമനിര്‍മാണം ആവശ്യപ്പെട്ട് 5 ലക്ഷം വിശ്വാസികള്‍ ഒപ്പിട്ട ഭീമ ഹര്‍ജി സഭാ നേതൃത്വം ഗവര്‍ണര്‍ക്കും സര്‍ക്കാരിനും സമര്‍പ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ഇ.പി.ജയരാജനും ഹര്‍ജികള്‍ സ്വീകരിച്ചു.