തിരുവനന്തപുരം: മദ്യലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍. ഇടവ അയിരൂര്‍ സ്വദേശി റസാക്കാണ് പിടിയിലായത്. ആറ്റിങ്ങള്‍ ഡി.വൈ.എസ്.പിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റസാക്ക് മാതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.
വര്‍ക്കല ഇടവ പാറയില്‍ ചരിവില്‍ കുന്നുവിളയിലെ നാല്‍പത്തിയൊമ്പതുകാരിയ്ക്കാണ് മകന്റെ ക്രൂര മര്‍ദ്ദനമേറ്റത്.ഡിസംബര്‍ പത്തിനായിരുന്നു സംഭവം. ബസിലെ ജീവനക്കാരനായ ഇയാള്‍ രാത്രിയില്‍ മദ്യപിച്ച് വീട്ടിലെത്തി സഹോദരിയുമായി വഴക്കിടുകയായിരുന്നു. പിടിച്ചുമാറ്റാനെത്തിയ മാതാവിനെ റസാക്ക് ക്രൂരമായി മര്‍ദ്ദിച്ചു.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സഹോദരിയാണ് പകര്‍ത്തിയത്. ശേഷം വിദേശത്തുള്ള ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അയിരൂര്‍ പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു.
എന്നാല്‍ തന്നെ മര്‍ദ്ദിച്ചതില്‍ പരാതിയില്ലെന്നാണ് മാതാവ് പൊലീസിന് മൊഴി നല്‍കിയത്. മാതാവിന് പരാതിയില്ലങ്കിലും സംഭവത്തില്‍ പൊലീസ് സ്വമേധയാ പൊലീസ് കേസടുക്കുകയായിരുന്നു. വിവാഹിതനായ റസാക്ക് ചെറുന്നിയൂരിലെ ഭാര്യ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.











































