‘എന്റെ മോനല്ലേ, എനിക്കൊരു പരാതിയുമില്ല’; ക്രൂരമായി മര്‍ദിച്ച മകന് വേണ്ടി പൊലീസ് സ്റ്റേഷനിലെത്തി അമ്മ

    വര്‍ക്കല: ക്രൂരമായി മര്‍ദനമേറ്റു വാങ്ങേണ്ടി വന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്തതറിഞ്ഞ് മകന് വേണ്ടി സ്റ്റേഷനില്‍ അഭ്യര്‍ഥനയുമായെത്തി ഒരമ്മ. ഇടവ അയിരൂര്‍ സ്വദേശി ഷാഹിദയാണ് മകന് വേണ്ടി കരഞ്ഞു കൊണ്ട് പൊലീസ് സ്റ്റേഷനിലെത്തിയത്. ഷാഹിദയെ മകനായ റസാഖ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മകനെതിരെ പരാതിയില്ലെന്ന് അറിയിച്ച് ആ അമ്മ അയിരൂര്‍ സ്റ്റേഷനിലെത്തിയത്.

    ‘എന്റെ സ്വന്തം മോനല്ലേ ഇങ്ങനെ സ്റ്റേഷനില്‍ കേറി നടക്കേണ്ട കാര്യമില്ലെന്ന് തോന്നി. എനിക്കൊരു പരാതിയുമില്ല’ എന്നായിരുന്നു ആ മാതാവിന്റെ വാക്കുകള്‍. കഴിഞ്ഞ ദിവസമാണ് റസാഖ് ഷാഹിദയെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന ക്രൂര ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇയാളുടെ സഹോദരി തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതും. ഡിസംബര്‍ പത്തിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളായിരുന്നു ഇത്.

    ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ പൊലീസ് റസാഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തനിക്ക് യാതൊരു പരാതിയില്ലെന്ന് തുടക്കം മുതല്‍ ഷാഹിദ പറയുന്നുണ്ടെങ്കിലും പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് റസാഖിനെതിരെ ചുമത്തിയിരിക്കുന്നത്.