തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍നിന്നു ചുവടുമാറ്റി ഒ. രാജഗോപാല്‍ എംഎല്‍എ. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ നിയമസഭാ പ്രമേയത്തെ എതിര്‍ത്തിരുന്നുവെന്നാണ് ഇപ്പോഴത്തെ വാദം. കക്ഷിനേതാക്കളുടെ പ്രസംഗത്തില്‍ പറഞ്ഞതാണ് തന്റെ നിലപാട്. അനുകൂലിക്കുന്നവരെയും എതിര്‍ക്കുന്നവരെയും സ്പീക്കര്‍ വേര്‍തിരിച്ചു ചോദിച്ചില്ല. ഒറ്റചോദ്യമായി ചുരുക്കിയ സ്പീക്കറുടെ നടപടി കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും രാജഗോപാല്‍ പറഞ്ഞു.
കാര്‍ഷികനിയമങ്ങളെ എതിര്‍ക്കുന്നില്ല. നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാണ്. നിയമങ്ങള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയിലും സിപിഎം പ്രമേയത്തിലും ഉറപ്പുപറഞ്ഞവയാണെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമത്തിനെതിരായ സമരങ്ങളെ പ്രതിരോധിക്കുന്ന ബിജെപിയെ അക്ഷരാര്‍ഥത്തില്‍ വെട്ടിലാക്കുന്നതായി സഭയിലെ ഒ.രാജഗോപാലിന്റെ നിലപാട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന്റെ നിലപാടിനെ എങ്ങനെ വിശദീകരിക്കുമെന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം. ഈ സാഹചര്യത്തിലാണ് രാജഗോപാലിന്റെ ചുവടുമാറ്റം.











































