നിയമസഭയ്ക്ക് അപമാനം; ശ്രീരാമകൃഷ്ണന് സ്പീക്കർ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല: രമേശ് ചെന്നിത്തല

    തിരുവനന്തപുരം: ഡോളര്‍കടത്ത്‌ കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്ത ശരിയാണെങ്കില്‍ സ്പീക്കര്‍ക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

    ജനാധിപത്യത്തില്‍ സ്പീക്കറുടെ സ്ഥാനം ഉന്നതമാണ്. ആ സ്പീക്കര്‍ തന്നെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളര്‍ക്കടത്ത് കേസില്‍ പങ്കാളിയാവുന്നുവെന്നത് കേരളനിയമസഭയ്ക്ക് തന്നെ അപമാനകരമാണ്. മാന്യതയുണ്ടെങ്കില്‍ ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ തന്നെ ആ സ്ഥാനത്ത് നിന്നും മാറിനില്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു.

    പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ സ്പീക്കറെ ചോദ്യം ചെയ്യുമെന്ന വാര്‍ത്തയിലൂടെ പുറത്തുവരുന്നതെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് പ്രതികരിച്ചു.  വാര്‍ത്ത ശരിയാണെങ്കില്‍ സ്പീക്കര്‍ ആ സ്ഥാനം രാജിവെക്കണം. രാഷ്ട്രീയത്തിനതീതമായി കാണുന്ന ഒരു ഭരണഘടനാ പദവിയാണ് സ്പീക്കറുടേത്. സ്പീക്കര്‍ക്കെതിരെ സംശയമാണ് ഉയരുന്നതെങ്കില്‍പോലും ആ സംശയനിവാരണം നടത്തുന്നതുവരെ ആ സ്ഥാനത്തിരിക്കാന്‍ പാടില്ലെന്നും ഫിറോസ് പ്രതികരിച്ചു.