കെജിഎഫ് 2 അവതരിപ്പിക്കാൻ പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്

    കെജിഎഫ് ചാപ്റ്റർ രണ്ടിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കേരളത്തിൽ ചിത്രം അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആണ്.

    ചിത്രം കേരളത്തിൽ എത്തിക്കുന്ന കാര്യം പൃഥ്വിരാജ് തന്നെയാണ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. താനും കെജിഎഫിന്റെ വലിയ ആരാധകനാണെന്നും ഇത്തരമൊരു കൂടിച്ചേരൽ ഏറെ ആവശേമുണ്ടാക്കുന്നതാണെന്നും പൃഥ്വിരാജ് പറയുന്നു.ലൂസിഫർ ഇങ്ങിയതിന് ശേഷമാണ് കെജിഎഫിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് തന്നെ സമീപിക്കുന്നത്. താനും ഇതിനായി കാത്തിരിക്കുകയായിരുന്നു. ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന ഒരു ചിത്രത്തെ അവതരിപ്പിക്കാൻ കഴിയുന്നത് വലിയൊരു അംഗീകാരമായി കാണുന്നു.

    താനും റോക്കി ഭായിയുടെ കഥയ്ക്കായി കാത്തിരിക്കുകയാണെന്നും പൃഥ്വിരാജ് പറയുന്നു. കോലര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെജിഎഫ്. 2018 ഡിസംബര്‍ 21 നാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്.

    രണ്ടാംഭാഗത്തിൽ വില്ലനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. അധീര എന്ന വില്ലൻ ലുക്കിലുള്ള സഞ്ജയ് ദത്തിന്റെ ചിത്രം വൈറലായിരുന്നു. 1951 മുതലുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്.
    ‌‌
    കന്നഡയിൽ പുറത്തിറങ്ങിയ ചിത്രം ഇന്ത്യ മുഴുവൻ നിരവധി ആരാധകരെയാണ് സൃഷ്ടിച്ചത്. ഇതാദ്യമായാണ് ഒരു കന്നഡ‍ ചിത്രത്തിന് ഇത്രവലിയ സ്വീകാര്യത ലഭിക്കുന്നത്. അഞ്ച് ഭാഷകളിലായാണ് കെജിഎഫ് എത്തിയത്. ഒറ്റ സിനിമകൊണ്ട് യഷ് എന്ന നടന് ഇന്ത്യ മുഴുവൻ ആരാധകരേയും സൃഷ്ടിക്കാനായി.

    പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ യാഷിനൊപ്പം ശ്രീനിധി ഷെട്ടിയായിരുന്നു നായികയായി എത്തിയത്, അച്യുത് കുമാര്‍, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എന്‍ സിംഹ, മിത വസിഷ്ട എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി.