കാപിറ്റോൾ കലാപത്തിൽ ഇന്ത്യയുടെ ത്രിവർണ പതാകയുമായി ട്രംപ് അനുകൂലി; ആളെത്തിരഞ്ഞ് സോഷ്യൽ മീഡിയ

    വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ  ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ ചേർന്ന പാർലമെന്റ് സമ്മേളനത്തിൽ അതിക്രമം കാട്ടിയ ഡൊണാൾഡ് ട്രംപിന്റെ അനുയായികൾക്കൊപ്പം ഇന്ത്യ പതാകയേന്തി എത്തിയ ആളെ തേടി സോഷ്യൽ മീഡിയ. കാപിറ്റോൾ ടവറിലെ അതിക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ത്രിവർണ പതാകയേന്തിയ ദൃശ്യങ്ങളും ശ്രദ്ധയിൽപ്പെട്ടത്.

    തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ട്രംപ് നടത്തിയ നീക്കൾക്കു പിന്നാലെയാണ് ജനക്കൂട്ടം കാപ്പിറ്റോളിന് പുറത്തെ ബാരിക്കേഡുകൾ തകർത്ത് പാർലമെന്റിലേക്ക് അതിക്രമിച്ചു കയറിയത്.

    അക്രമത്തിനു പിന്നാലെ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ പ്രചരിക്കാൻ തുടങ്ങി. ഇക്കൂട്ടത്തിലാണ് ഇന്ത്യൻ പതാകയും പലരുടെയും ശ്രദ്ധയിൽപ്പെടുന്നത്.  ഇന്ത്യന്‍ വംശജനായിട്ടുള ആരോ ഒരാൾ ട്രംപ് അനുകൂലികൾക്കൊപ്പം ഉണ്ടായിരുന്നെന്നാണ് ഇത് വ്യക്തമാക്കുന്നത്.

    വീഡിയോ വൈറല്‍ ആയതിനു പിന്നാലെ വരുണ്‍ ഗാന്ധിയും ഈ ട്വീറ്റ് പങ്കുവെച്ചു. ‘ഇതിനിടയില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാകയ്ക്ക് എന്താണ് കാര്യം? ഈ പ്രതിഷേധത്തില്‍ എന്തായാലും ഇന്ത്യക്ക് പങ്കുചേരാന്‍ യാതൊരു കാരണവുമില്ല. ‘ എന്നാണ് അദ്ദേഹം തന്റെ ട്വീറ്റില്‍ കുറിച്ചത്.

     ട്രംപിനുവേണ്ടി അക്രമങ്ങള്‍ അഴിച്ചുവിടുന്ന സംഘത്തിലെ ഈ ഇന്ത്യന്‍ വംശജന്‍ അരാണെന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്നത്.