അവർ നാടിന്റെ ശത്രുക്കളും വഞ്ചകരും’; കൊച്ചിയിലെ ജനകീയ കൂട്ടായ്മയ്ക്കെതിരെ മുഖ്യമന്ത്രി

കൊച്ചി: വൈറ്റില മേല്‍പ്പാലം ഔദ്യോഗിക ഉദ്ഘാടനത്തിനു മുന്‍പ് പാലം തുറന്നു കൊടുത്ത കൊച്ചിയിലെ ജനകീയ കൂട്ടായ്മയായ വീ ഫോര്‍ കൊച്ചി പ്രവര്‍ത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും. വൈറ്റില മേല്‍പ്പാലം ഔദ്യോഗിക ഉദ്ഘാടന ചടങ്ങിനിടെയാണ് ഇരുവരും വിമർശനമുന്നയിച്ചത്.

പാലം നിര്‍മ്മാണം ഫണ്ടില്ലാതെ മുടങ്ങിയപ്പോഴോ മറ്റ് പ്രതിസന്ധിഘട്ടങ്ങളിലോ ഇവരെ കാണാനായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജസ്റ്റിസ് കെമാൽ പാഷയ്ക്കെതിരെയും മുഖ്യമന്ത്രി വിമർശനം ഉയർത്തി.  നീതി പീഠത്തിൽ ഉന്നത സ്ഥാനം വഹിച്ചവർ ഉത്തരവാദിത്തമില്ലാത്ത വിമര്‍ശനം നടത്തരുത്. അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും കുടപിടിക്കാനാവരുത് വിമര്‍ശനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതിയുടെ സന്ദര്‍ഭത്തിലും ഇവരെ കണ്ടില്ല. നിരവധി പ്രതിസന്ധികളെ അതിജീവിച്ച് ഇത്തരമൊരു സംരംഭം പൂര്‍ത്തീകരിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പ്രശസ്തി നേടാനിറങ്ങിയതാണവര്‍. ചെറിയൊരു ആള്‍ക്കൂട്ടം മാത്രമാണിത്. ഇവരെ ജനം തിരിച്ചറിയണം. നമ്മുടെ നാട് അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും പ്രോത്സാഹനം നല്‍കേണ്ടതില്ല. നാടിന്റെ വികസനമാണ് ഈ സര്‍ക്കാരിന് പ്രധാനം. അടിസ്ഥാന സൗകര്യവികസനം പരമ പ്രധാനമാണ്. അടിസ്ഥാന സൗകര്യങ്ങളില്‍ ഏറ്റവും പ്രധാനം റോഡുകളും പാലങ്ങളും തന്നെയാണ്. ഇവയില്ലാതെ പൊതുഗതാഗതസൗകര്യം ഉറപ്പാക്കാന്‍ കഴിയില്ല. ഇത്തരമൊരു കാഴ്ചപ്പാടോടെയാണ് പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന ആശയത്തിലൂന്നി പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തിക്കുന്നത്.- മുഖ്യമന്ത്രി പറഞ്ഞു.

വൈറ്റില മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ട് തുറന്നു കൊടുക്കാതെ വെച്ചു താമസിപ്പിക്കുന്നുവെന്നത് ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു.  നാടിന്റെ ശത്രുക്കളാണവര്‍. നാടിന്റെ വഞ്ചകരാണവര്‍. ഓരോ വകുപ്പിനും അവരുടേതായ പ്രവര്‍ത്തന രീതിയുണ്ട്. ആരോപണമുന്നയിക്കുന്നവര്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുകയാണ്. കൊച്ചിയില്‍ മാത്രമുള്ള ചില പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയ സംഘങ്ങളാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുന്നത്. ഒരു സര്‍ക്കാരിനെതിരേയും ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

കൊച്ചിക്കാര്‍ക്കു വേണ്ടി സംസാരിക്കേണ്ടത് കൊച്ചി കോര്‍പ്പറേഷനും ജനപ്രതിനിധികളുമാണ്. വീ ഫോര്‍ കൊച്ചിയല്ല വീ ഫോര്‍ അസ് ആണിത്. സ്വന്തം താല്‍പര്യത്തിനു വേണ്ടിയാണിവരുടെ പ്രവര്‍ത്തനം. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രിക്കു വേണ്ടി കാത്തിരിക്കുകയാണിപ്പോള്‍ എന്നും മന്ത്രി പറഞ്ഞു.