കൂട്ടബലാത്സംഗം ചെയ്തെന്ന കേസ്; വ്യാജ പരാതി നൽകിയ യുവതിക്കെതിരെ നിയമ നടപടിയുമായി കോടതി

    മുംബൈ: കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന വ്യാജപരാതിയിൽ പരാതിക്കാരിക്കെതിരെ നിയമനടപടികളുമായി കോടതി. കേസിൽ ആരോപണവിധേയരായ രണ്ട് യുവാക്കളും സംഭവ സമയത്ത് സ്ഥലത്തില്ലായിരുന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് ബലാത്സംഗ പരാതി വ്യാജമാണെന്ന നിഗമനത്തിൽ കോടതി എത്തിച്ചേർന്നത്. മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

    2019 ലാണ് ബലാത്സംഗ പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്. രണ്ട് യുവാക്കൾ തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു പരാതിയിലെ ആരോപണം. ഈ കേസിലാണ് ഇപ്പോൾ പരാതിക്കാരിയെ പ്രോസിക്യൂട്ട് ചെയ്യാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.

    ജോലി വാഗ്ദാനം ചെയ്ത് തന്നെ കാറിൽ കയറ്റിയ ശേഷം ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. പരാതിയിൽ പൊലീസ്  എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ, കുറ്റകൃത്യം നടന്ന ദിവസം പ്രതികളിലൊരാൾ ഇന്ത്യക്ക് പുറത്തായിരുന്നെന്നും മറ്റൊരാൾ പൂനെയിലാണെന്നും പൊലീസ് കണ്ടെത്തി. പരാതിയിൽ പറയുന്ന പ്രതികളിലൊരാളുടെ കാർ ഒരു വർഷം മുൻപ് വിറ്റതാണെന്നും പ്രതികൾക്കെതിരെ തെളിവുകളൊന്നും കണ്ടെത്താനിയ്ലെലന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

    പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് വ്യാജ പരാതി നൽകിയതിന് യുവതിക്കെതിരെ നടപടിയെടുക്കാൻ കോടതി നിർദ്ദേശിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് യുവതിക്കെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത്.