ശമ്പളവും പെൻഷനും 10 ശതമാനംവരെ വർധിക്കും; പതിനൊന്നാം ശമ്പളക്കമ്മിഷൻ ജനുവരി 31-ന് റിപ്പോർട്ട് സമർപ്പിക്കും

തിരുവനന്തപുരം: പതിനൊന്നാം ശമ്പളക്കമ്മിഷൻ റിപ്പോർട്ട് ജനുവരി 31-ന് സർക്കാരിന് സമർപ്പിക്കും. ശമ്പളവും പെൻഷനും 10 ശതമാനംവരെ കൂടാൻ സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം മുൻകാലങ്ങളെക്കാൾ കുറവാണ് ഇത്തവണത്തെ ശമ്പളവർധന. ഏപ്രിൽ മുതൽ പുതിയ ശമ്പളം നൽകിത്തുടങ്ങും. ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഇതു പ്രഖ്യാപിക്കും. 2019 ജൂലായ് ഒന്നുമുതൽ പ്രാബല്യത്തോടെയായിരിക്കും പരിഷ്കരണം. മുൻ കേന്ദ്ര സെക്രട്ടറി കെ. മോഹൻദാസ് അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കോവിഡ് സാഹചര്യത്തിലും ശമ്പളപരിഷ്‌കരണം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. ഡി.എ കുടിശ്ശികയും വിതരണം ചെയ്യും. ഇതും ബജറ്റിൽ പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് പെരുമാറ്റച്ചട്ടം വരുന്നതിനു മുമ്പ് ശമ്പളപരിഷ്കരണം സംബന്ധിച്ച ഉത്തരവ് ഇറങ്ങും.

പത്താം ശമ്പളക്കമ്മിഷൻ 13 ശതമാനത്തോളം വർധനയാണു വരുത്തിയത്. കുറഞ്ഞ ശമ്പളം 17,000 രൂപയും കൂടിയത് 1,20,000 രൂപയും ആക്കിയിരുന്നു.