ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; സ്‌കൂള്‍ ബസ് ഡ്രൈവർ ഓട്ടോറിക്ഷയിലിരുന്ന് തീകൊളുത്തി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്. സ്‌കൂളിന് സമീപം ഓട്ടോറിക്ഷയിലിരുന്ന് തീകൊളുത്തിയാണ് ആത്മഹത്യ ചെയ്തത്. തീ ആളിക്കത്തുന്നത് കണ്ട് ഓടിക്കൂടിയവര്‍ അഗ്‌നിശമനസേനയെ വിളിച്ചുവരുത്തി തീയണച്ചെങ്കിലും ശ്രീകുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല.

ശ്രീകുമാര്‍ പതിനാറ് വര്‍ഷമായി കരിയകം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ആറു മാസം മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതേ സ്‌കൂളില്‍ ആയയാണ് ശ്രീകുമാറിന്റെ ഭാര്യ. രണ്ടുപെണ്‍കുട്ടികളാണ് ശ്രീകുമാറിന്.

ലോക് ഡൗൺകാലത്ത് 61 പേരെയാണ് സ്‌കൂള്‍ മാനേജ്മെന്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതിനു പിന്നാലെ തൊഴിലാളികള്‍ സ്‌കൂളിന് സമീപം സമരം നടത്തി.തുടർന്ന് നടത്തിയ ചർച്ചയിൽ സ്വകാര്യ ഏജന്‍സി വഴി ഇവര്‍ക്ക് തന്നെ ജോലി നല്‍കാമെന്ന് മാനേജ്മെന്റ്  ഉറപ്പുനല്‍കിയിരുന്നു. ഈ വാക്ക് വിശ്വസിച്ച് സ്‌കൂള്‍ തുറന്നതോടെ ശ്രീകുമാർ ജോലിക്കായി എത്തി. അപ്പോഴാണ്  ജോലി നഷ്ടപ്പെട്ടെന്നു മനസിലായത്. ഇതിനു പിന്നാലെയാണ് ഇയാൾ ആത്മഹത്യ ചെയ്തതും.

 

പ്രശ്നത്തില്‍ കളക്ടര്‍ ഇടപെടണമെന്നും ആത്മഹത്യ ചെയ്ത ശ്രീകുമാറിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)