കടയ്ക്കാവൂര്‍ കേസ് അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി

    തിരുവനന്തപുരം: കടയ്ക്കാവൂര്‍ കേസില്‍ പ്രതിയായ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് കേസ് തള്ളിയത്. അമ്മയ്‌ക്കെതിരായ മൊഴിയുള്ള ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.

    വെള്ളിയാഴ്ചയാണ് കേസില്‍ പ്രതിയായ സ്ത്രീ ജാമ്യാപേക്ഷ നല്‍കിയത്. നിലവില്‍ സ്ത്രീക്കെതിരേ മകന്റെ മൊഴി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്.

    ഇതിനിടെ കേസില്‍ ശിശുക്ഷേമ സമിതിയുടെ വാദങ്ങള്‍ പൊളിച്ചുള്ള പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്നു. എഫ്.ഐ.ആറില്‍ സംഭവത്തെ കുറിച്ച് ആദ്യവിവരം നല്‍കിയ ആള്‍ സി.ഡബ്ല്യസി. അധ്യക്ഷയാണെന്ന് രേഖപ്പെടുത്തിയത് തെറ്റെന്നായിരുന്നു ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ എന്‍ സുനന്ദ കഴിഞ്ഞ ദിവസം പറഞ്ഞത്.

    എന്നാല്‍ അമ്മയില്‍നിന്ന് ലൈംഗിക പീഡനമുണ്ടായി എന്ന പരാതിയില്‍ കുട്ടി ഉറച്ചു നില്‍ക്കുന്നുവെന്ന് പോലീസിനു സി.ഡബ്ല്യു.സി. നല്‍കിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്.

    പരാതി കിട്ടിയതിനെ തുടര്‍ന്ന് പോലീസ് ബാലക്ഷേമ സമിതിയോട് കുട്ടിയെ കൗണ്‍സിലിങ് നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നവംബര്‍ പത്തിന് ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 13-ന് റിപ്പോര്‍ട്ട് തയ്യാറായിരുന്നു. നവംബര്‍ 30-ന് പോലീസിന് റിപ്പോര്‍ട്ട് കിട്ടി. ഡിസംബര്‍ 16-ന് ഇ മെയില്‍ വഴിയും റിപ്പോര്‍ട്ട് കിട്ടി. ഇതിനു ശേഷം ഡിസംബര്‍ 18-നാണ് പോലീസ് കേസെടുത്തത്. മാതാവിനെതിരായ പരാതിയില്‍ കുട്ടിയുടെ മൊഴിയെടുക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് നല്‍കുന്ന റിപ്പോര്‍ട്ട് എന്നാമുഖത്തോടെയാണ് റിപ്പോര്‍ട്ട് ശിശുക്ഷേമ സമിതി പോലീസിനു നല്‍കിയത്.

    പോക്‌സോ പ്രകാരം കേസെടുക്കാന്‍ ഉത്തരവാദിത്വപ്പെട്ട അന്വേഷണ ഏജന്‍സിയില്‍നിന്നുള്ള ഈ റിപ്പോര്‍ട്ട് മതി എന്നാണ് പോലീസ് പറയുന്നത്.