തിരുവനന്തപുരം: സംസ്ഥാനത്ത് തടവുകാരുടെ വേഷം മാറ്റാൻ തീരുമാനം. പുരുഷന്മാർക്ക് ടീ ഷർട്ടും ബർമുഡയുമാണ് ഇനി വേഷം. സ്ത്രീകൾക്ക് ചുരിദാർ ജയിൽ വേഷമാക്കാനും ധാരണയായി. ജയിലിൽ മുണ്ട് ഉപയോഗിച്ചുളള തൂങ്ങിമരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലിൽ ഒരു തടവുകാരൻ ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെ ജയിൽ ഡി ജി പി ഋഷിരാജ് സിംഗ് ആണ് തടവുകാരുടെ വേഷം ടീ ഷർട്ടും ബർമുഡയും ആക്കാമെന്ന ആശയം മുന്നോട്ട് വച്ചത്.
സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും പുതിയ പദ്ധതി നടപ്പിലാക്കുകയെന്ന് ജയിൽ അധികൃതർ അറിയിച്ചു. വേഷം ഏത് നിറത്തിലായിരിക്കണം എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ആദ്യ ഘട്ടമായി കോഴിക്കോട് സബ് ജയിലിലാകും വേഷം മാറുക.
200 പുരുഷന്മാരും 15 സ്ത്രീകളുമാണ് കോഴിക്കോട് സബ് ജയിലിൽ തടവുകാരായി ഉളളത്. വസ്ത്രങ്ങൾ സ്‌പോൺസർ ചെയ്യാൻ താത്പര്യമുളള സ്വകാര്യ കമ്പനികൾ ജയിൽ അധികൃതരുമായി ബന്ധപ്പെടണം. ഒരാൾക്ക് രണ്ട് ജോഡി വസ്‌ത്രം നൽകാനാണ് ധാരണയായിരിക്കുന്നത്.
—
 
            


























 
				
















