അപരിചിതരുടെ വിഡിയോ കോള്‍ എടുക്കരുത്; പൊലീസ് സൈബര്‍ഡോമിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: അപരിചിതരുടെ വിഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്യരുതെന്ന് കേരള പൊലീസ് സൈബര്‍ഡോമിന്റെ മുന്നറിയിപ്പ്. ഇത്തരം വിഡിയോ കോള്‍ എടുക്കുന്നവരുടെ സ്‌ക്രീന്‍ ഷോട്ട്, റിക്കോര്‍ഡഡ് വിഡിയോ എന്നിവ ഉപയോഗിച്ചു ബ്ലാക്‌മെയില്‍ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി.

തട്ടിപ്പുകാര്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചു കൊണ്ടായിരിക്കും ഇത്തരം വിഡിയോ കോളുകള്‍ ചെയ്യുന്നത്. അത് എടുക്കുന്ന നിമിഷം ഫ്രണ്ട് ക്യാമറ ഓണായി, കോള്‍ എടുത്തയാളുടെ മുഖവും സ്‌ക്രീനിലെത്തും. ഇതു രണ്ടും ചേര്‍ത്തുള്ള വിന്‍ഡോയുടെ സ്‌ക്രീന്‍ ഷോട്ട് അവര്‍ പകര്‍ത്തും.

കോള്‍ അറ്റന്‍ഡ് ചെയ്ത വ്യക്തി അശ്ലീലചാറ്റില്‍ ഏര്‍പ്പെട്ടുവെന്ന മട്ടില്‍ പ്രചരിപ്പിക്കുമെന്നാകും പിന്നീടു ഭീഷണി. ഇത്തരത്തില്‍  പരാതികള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.