സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ ഇന്നു മുതൽ; സജ്ജമാക്കിയിരിക്കുന്നത് 133 കുത്തിവെപ്പ് കേന്ദ്രങ്ങൾ

    Coronavirus virus outbreak and coronaviruses influenza background as dangerous flu strain cases as a pandemic medical health risk concept with disease cells as a 3D render

    തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സീനേഷൻ ഇന്ന് ആരംഭിക്കും. 133 കുത്തിവെയ്പ്പ് കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. എറണാകുള 12, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 സവീതവും മറ്റു ജില്ലകളിൽ ഒമ്പതുകേന്ദ്രങ്ങൾ വീതവുമാണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലകളിലെ ഒരുക്കങ്ങള്‍ അന്തിമമായി വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ  നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ശനിയാഴ്ചത്തെ നടപടികൾ വിലയിരുത്തി തിങ്കളാഴ്ചമുതൽ കുത്തിവെപ്പ് തുടരും. എല്ലാ ജില്ലകളിലേയും കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.

    വാക്സിനേഷൻ നടക്കുന്ന എല്ലാകേന്ദ്രങ്ങളിലും വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തി. എറണാകുളം ജില്ലാ ആശുപത്രി, പാറശ്ശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ടൂ വേ കമ്യൂണിക്കേഷൻ സംവിധാനങ്ങളും ഏർപ്പെടുത്തി. എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കും.

    വാക്സീനേഷന്‍ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും പാലിക്കേണ്ട കോവിഡ് സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി. വാക്സീനേഷന്‍ കേന്ദ്രത്തില്‍ ചുമതലപ്പെടുത്തിയ വാക്സീനേഷന്‍ ഓഫീസര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും വാക്സീന്‍ ഗുണഭോക്താക്കളേയും മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. കേന്ദ്രങ്ങളില്‍ വാക്സീനേഷന്‍ ബോധവത്ക്കരണ പോസ്റ്ററുകള്‍ സ്ഥാപിക്കേണ്ടതാണ്. വാക്സീനേഷന്‍ ബൂത്തുകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. രോഗലക്ഷണമുള്ളവരെ പ്രവേശന കവാടത്തില്‍ വച്ച് തന്നെ തിരിച്ചറിഞ്ഞ് മതിയായ ആരോഗ്യ പരിചരണം നല്‍കണം.

    വാക്സിനെടുക്കാൻ വെയിറ്റിങ് റൂമിൽ പ്രവേശിക്കുംമുമ്പ് ഒന്നാമത്തെ ഉദ്യോഗസ്ഥൻ തിരിച്ചറിയൽകാർഡ് പരിശോധിക്കും. രണ്ടാമത്തെ ഉദ്യോഗസ്ഥൻ കോ വിൻ ആപ്ലിക്കേഷൻ നോക്കി വെരിഫൈ ചെയ്യും. ക്രൗഡ് മാനേജ്‌മെന്റ്, ഒബ്‌സർവേഷൻ മുറിയിലെ ബോധവത്കരണം, എ.ഇ.എഫ്.ഐ. കിറ്റ് നിരീക്ഷണം എന്നിവ മൂന്നും നാലും ഉദ്യോഗസ്ഥർ നിർവഹിക്കും. വാക്സിനേറ്റർ ഓഫീസറാണ് കുത്തിവെപ്പ് എടുക്കുക.

    ഓരോരുത്തർക്കും 0.5 എം.എൽ. കോവിഷീൽഡ് വാക്സിനാണു കുത്തിവെക്കുക. ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞാണ് രണ്ടാമത്തേത്. രജിസ്റ്റർചെയ്തവർക്ക്  എവിടെയാണ് വാക്സിൻ എടുക്കാൻപോകേണ്ടതെന്ന വിവരം എസ്.എം.എസ് ആയി ലഭിക്കും.

    വാക്സിൻ എടുത്താൽ 30 മിനിറ്റ് നിരീക്ഷണത്തിലിരിക്കണം. വാക്സിനേഷൻകേന്ദ്രത്തിൽ ഡോക്ടറുടെ സേവനമുണ്ടാകും. അടിയന്തര ചികിത്സയ്ക്കായി എല്ലാകേന്ദ്രങ്ങളിലും അഡ്വേഴ്‌സ് ഇവന്റ്‌സ് ഫോളോവിങ് ഇമ്യൂണൈസേഷൻ (എ.ഇ.എഫ്.ഐ.) കിറ്റുണ്ടാകും.