ആക്ഷേപിച്ചത് ജീവനക്കാരെയല്ല, കൊണ്ടിട്ടുണ്ടെങ്കില്‍ അത് കാട്ടുകള്ളന്മാര്‍ക്ക്’: ബിജു പ്രഭാകര്‍

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് എം.ഡി ബിജു പ്രഭാകർ. ചീഫ് ഓഫിസിലെ ഉപജാപക സംഘത്തിലെ ചിലരെയാണ് താന്‍ ചൂണ്ടിക്കാട്ടിയത്. ചില കാട്ടുകള്ളന്മാരെ തുറന്നുകാട്ടാൻ മാത്രമാണ്. പ്രത്യേക അജണ്ടയില്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയിലെ ജീവനക്കാരുമായി ഫേസ്ബുക്ക് ലൈവിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.ആര്‍.ടി.സി.യെ നന്നാക്കാമെന്ന ആത്മവിശ്വാസമുണ്ട്. ജീവനക്കാരെയല്ല ആക്ഷേപിച്ചത് കൊണ്ടിട്ടുണ്ടെങ്കില്‍ അത് കാട്ടുകള്ളന്മാര്‍ക്കാണ്. പ്രശ്‌നമുണ്ടാക്കാനല്ല, പ്രശ്‌നം പരിഹരിക്കാനാണ്‌  ശ്രമമെന്നും കെ.എസ്.ആര്‍.ടി.സിയില്‍ കുറച്ചു പേര്‍ മാത്രമാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയെ  താന്‍ സ്‌നേഹിക്കുന്ന സ്ഥാപനമാണ്. ഉപഭോക്താക്കള്‍ ആദ്യം എന്നതല്ല, ജീവനക്കാര്‍ക്ക് മുന്‍ഗണന എന്നതാണ് തന്റെ നയം. ശമ്പള പരിഷ്‌കരണം നടക്കാത്ത സാഹചര്യത്തില്‍ ഏതെങ്കിലും ജീവനക്കാര്‍ ജനങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അവരുടെ ജീവിത സാഹചര്യങ്ങള്‍ മൂലമാണ്. ബാങ്ക് ജപ്തി നേരിടുന്ന ഒരു ഡ്രൈവര്‍ എങ്ങനെ മന:സമാധാനമായി വണ്ടി ഓടിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ജീവനക്കാര്‍ സന്തുഷ്ടരായി ഇരുന്നാല്‍ മാത്രമേ സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളു. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ജീവനക്കാരെ ഒന്നടങ്കം ആക്ഷേപിക്കുമെന്ന് ആര്‍ക്കെങ്കിലും കരുതാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.