ഡോളര്‍ കടത്ത് കേസ്; എം. ശിവശങ്കറെ പ്രതിയാക്കാന്‍ കസ്റ്റംസ് നടപടി തുടങ്ങി

    തിരുവനന്തപുരം: വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ പ്രതിയാക്കാന്‍ കസ്റ്റംസ് നടപടി തുടങ്ങി. നിലവില്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, യുഎഇ കോണ്‍സുലേറ്റിലെ ധനകാര്യ വിഭാഗം മുന്‍ മേധാവി ഈജിപ്ത് പൗരന്‍ ഖാലിദ് അലി ഷൗക്രി എന്നിവരെയാണ് ഈ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    ചോദ്യം ചെയ്യലിനിടെ സ്വപ്നയും സരിത്തും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും പ്രതിയാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.

    കേസുമായി ബന്ധപ്പെട്ട് ദുബായില്‍ വിദ്യാഭ്യാസമേഖലയിയിലെ നിക്ഷേപകനായ ഡോ.കിരണിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഷാര്‍ജയില്‍ വിദ്യാഭ്യാസമേഖലയില്‍ പണം നിക്ഷേപിക്കുന്നതിനു കേരളത്തിലെ ചില ഉന്നത നേതാക്കളുടെ നേതൃത്വത്തില്‍  ഡോളര്‍ കടത്തിയെന്നാണ് സ്വപ്നയുടെയും സരിത്തിന്റെയും മൊഴി. ഈ പണം കിരണ്‍, ലഫീര്‍ മുഹമ്മദ് എന്നിവരാണ് ദുബായില്‍ ഏറ്റുവാങ്ങിയതെന്നും മൊഴിയുണ്ട്. നേരത്തേ ഐടി മിഷനിലെ ജീവനക്കാരനായിരുന്നു കിരണ്‍.

    ഇതിനിടെ ഡോളര്‍ കടത്തു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.