സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പായി റവ ഡോ. സാബു കെ. ചെറിയാന്‍ സ്ഥാനമേറ്റു

    കോട്ടയം: സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ പതിമൂന്നാമത് ബിഷപ്പായി റവ ഡോ. സാബു കെ. ചെറിയാന്‍ സ്ഥാനമേറ്റു. സിഎസ്‌ഐ സഭാ പരമാധ്യക്ഷനായ മോഡറേറ്റര്‍ ബിഷപ് എ. ധര്‍മരാജ് റസാലത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കോട്ടയം ചാലുകുന്ന് ഹോളി ട്രിനിറ്റി സിഎസ്‌ഐ കത്തീഡ്രല്‍ പള്ളിയിലാണ് ചടങ്ങുകള്‍. തിരുവല്ല തുകലശേരി സെന്റ് തോമസ് സിഎസ്‌ഐ ചര്‍ച്ച് വികാരിയായിരുന്നു

    കോഴഞ്ചേരി പുന്നക്കാട്ട് മലയിൽ അധ്യാപക ദമ്പതിമാരായ പരേതരായ എം.കെ. ചെറിയാന്റെയും ഏലിയാമ്മയുടേയും ആറാമത്തെ മകനാണ് റവ. സാബു കെ. ചെറിയാൻ. പുന്നക്കാട് യു.പി.എസ്., കുഴിക്കാല സി.എം.എസ്. ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും, ബി.എഡും തിയോളജിയിൽ ഡോക്ടറേറ്റും നേടി.

    1988-ൽ വൈദികനായി. എട്ടുവർഷം ആന്ധ്രാപ്രദേശിലെ വിവിധ ഇടങ്ങളിൽ മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 1996-ൽ മടങ്ങിയെത്തി കുമ്പളാംപൊയ്ക, കഞ്ഞിക്കുഴി, മൂലേടം, മാവേലിക്കര, കുഴിക്കാല എന്നീ ഇടവകകളിലും ന്യൂയോർക്കിലും വികാരിയായിരുന്നു. മധ്യകേരള മഹായിടവക ട്രഷററായും പ്രവർത്തിച്ചു.

    പുല്ലാട് കുറുങ്ങഴ മടോലിൽ കുടുംബാംഗം ഡോ. ജെസി സാറ കോശിയാണ് ഭാര്യ. മക്കൾ: സിബു ചെറിയാൻ (ഫിനാൻഷ്യൽ അനലിസ്റ്റ്, അയർലൻഡ്), ഡോ. സാം ജോൺ. മരുമകൾ: റൂബ എസ്‌തേർ ഫിലിപ്പ് (അയർലൻഡ്). സഹോദരങ്ങൾ: ആലീസ് ചെറിയാൻ, ആനി മാത്യു, മേരിക്കുട്ടി ചെറിയാൻ, സാലി ഫിലിപ്പ്, സൂസൻ ജോർജ്, ജേക്കബ് ചെറിയാൻ.