റേറ്റിംഗ് ഉയര്‍ത്താന്‍ 40 ലക്ഷവും വിദേശ യാത്രക്ക് പന്ത്രണ്ടായിരം ഡോളറും അര്‍ണബ് നല്‍കി; ഗുരുതര ആരോപണവുമായി ബാര്‍ക് മുന്‍ സി ഇ ഒ

    മുംബയ്: റിപ്പബ്ലിക് ടി വിക്ക് അനുകൂലമായി റേറ്റിംഗുകള്‍ കൈകാര്യം ചെയ്തതിന് ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി പണം നല്‍കിയിട്ടുണ്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി ബാര്‍ക് മുന്‍ സി ഇ ഒ പാര്‍ഥോ ദാസ്ഗുപ്ത. മുംബയ് പൊലീസിന് നല്‍കിയ മൊഴിയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

    ചാനലിന് അനുകൂലമായി ഉയര്‍ന്ന റേറ്റിംഗ് നല്‍കിയതിന് പ്രതിഫലമെന്നോണം മൂന്നുവര്‍ഷത്തിനിടെ 40 ലക്ഷം രൂപ ലഭിച്ചുവെന്നും കുടുംബവുമായി വിദേശരാജ്യങ്ങളില്‍ യാത്ര നടത്തുന്നതിന് 12,000 യു എസ് ഡോളര്‍ നല്‍കിയെന്നും ടി ആര്‍ പി അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുംബയ് പൊലീസ് ഫയല്‍ ചെയ്ത അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നു.

    റിപ്പബ്ലിക് ടി വിക്ക് റേറ്റിംഗില്‍ ഒന്നാംസ്ഥാനം ലഭിക്കുന്നതിന് വേണ്ടി താനും തന്റെ സംഘവും ടി ആര്‍ പി റേറ്റിംഗില്‍ കൃത്രിമം നടത്തി. 2017 മുതല്‍ 2019 വരെ ഇപ്രകാരം ചെയ്തു. 2017ല്‍ ലോവര്‍ പരേലിലെ സെന്റ് റെജിസ് ഹോട്ടലില്‍ വച്ച് അര്‍ണബ് ഗോസ്വാമിയുമായി കൂടിക്കാഴ്ച നടത്തുകയും കുടുംബവുമായി ഫ്രാന്‍സ്-സ്വിറ്റ്‌സര്‍ലന്‍ഡ് യാത്ര നടത്തുന്നതിനായി ആറായിരം യു എസ് ഡോളര്‍ നല്‍കുകയും ചെയ്തു.

    2019ല്‍ വീണ്ടും സെന്റ് റെജിസ് ഹോട്ടലില്‍ വച്ച് സ്വകാര്യ കൂടിക്കാഴ്ച നടത്തി കുടുംബവുമൊന്നിച്ചുളള സ്വീഡന്‍-ഡെന്‍മാര്‍ക്ക് യാത്രക്കായി ആറായിരം യുഎസ് ഡോളര്‍ നല്‍കി. 2017-ല്‍ ഐ ടി സി പരേല്‍ ഹോട്ടലില്‍ വച്ച് കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇപരുപത് ലക്ഷം രൂപയാണ് നല്‍കിയത്. 2018ലും 19ലും ഐ ടി സി ഹോട്ടലില്‍ വച്ചും കൂടിക്കാഴ്ച നടത്തി. ഓരോ തവണയും പത്തുലക്ഷം രൂപ വീതം അര്‍ണാബ് നല്‍കിയെന്നും പാര്‍ഥോ മൊഴിയില്‍ പറയുന്നു.

    അതേസമയം, പാര്‍ഥോ ദാസ്ഗുപ്തയുടെ അഭിഭാഷകന്‍ അര്‍ജുന്‍ സിംഗ് ഈ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി.പാര്‍ഥോയെക്കൊണ്ട് നിര്‍ബന്ധിച്ചു പറയപ്പിച്ചതാണ് മൊഴിയിലുളളതെന്ന് അദ്ദേഹം ആരോപിച്ചു. ഗോസ്വാമിയുടെ നിയമസംഘം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ താന്‍ തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും തന്നോട് പകപോക്കുകയാണെന്നും അര്‍ണബ് ആവര്‍ത്തിച്ചു.

    പാര്‍ഥോ ദാസ്ഗുപ്ത, മുന്‍ ബാര്‍ക് സി ഒ ഒ റോമില്‍ ഗര്‍ഹിയ, റിപ്പബ്ലിക് മീഡിയ നെറ്റ് വര്‍ക്ക് സി ഇ ഒ വികാസ് ഖാന്‍ചണ്ഡാനി എന്നിവര്‍ക്കെതിരേയാണ് അനുബന്ധ കുറ്റപത്രം ഫയല്‍ ചെയ്തിരിക്കുന്നത്. 2020 നവംബറില്‍ 12 പേര്‍ക്കെതിരേ ആദ്യ കുറ്റപത്രം ഫയല്‍ ചെയ്തിരുന്നു.