മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് കസ്റ്റംസ്, എൻഫോഴ്സ്മെന്റ് കേസുകളില്‍ ജാമ്യം

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് കസ്റ്റംസ്, ഇ.ഡി കേസുകളില്‍ ജാമ്യം. സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റ്രര്‍ ചെയ്ത കേസിലും ഇ.ഡിയുടെ കള്ളപണക്കേസിലുമാണ് ജാമ്യം ലഭിച്ചത്. കസ്റ്റംസിന്റെ  ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം ലഭിച്ചാലെ ശിവശങ്കറിന് പുറത്തിറങ്ങാനാവൂ. എൻഫോഴ്സ്മെന്റ്  അറസ്‌ററ് ചെയ്ത് 89 ദിവസത്തിനുശേഷമാണ് ശിവശങ്കറിന് ജാമ്യം ലഭിക്കുന്നത്

നയ തന്ത്ര ചാനലിലൂടെ സ്വര്‍ണ്ണം കടത്തിയതിന് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യം അനുവദിച്ചത്. .60 ദിവസം കഴിഞ്ഞിട്ടും കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.  സ്വഭാവിക ജാമ്യം ലഭിച്ചതോടെ തൊട്ടുപിന്നാലെ ഡോളര്‍ കടത്ത് കേസില്‍ എം.ശിവശങ്കറിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി.

15 കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കേസില്‍ എം.ശിവശങ്കറെ ജനുവരി 27 ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.

ഇ ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ ഹൈക്കോടതിയാണ് ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 28 ന് നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളി, തുടര്‍ന്നാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.

സ്വര്‍ണക്കടത്ത് കേസിലെ ഗൂഡാലോചനയില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നുമായിരുന്നു ഇ ഡിയുടെ വാദം . കസ്റ്റംസിന്റെ സ്വര്‍ണകടത്ത് കേസിലും ഇഡിയും കള്ളപണകേസിലും ജാമ്യം ലഭി്‌ച്ചെങ്കിലും ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ എം ശിവശങ്കറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല. കാക്കനാട് ജില്ലാ ജയിലിലുള്ള ശിവശങ്കറിന് ഈ കോസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ പുറത്തിറങ്ങാം.