DNA പരിശോധനയില്‍ അച്ഛനല്ലെന്ന് തെളിഞ്ഞു; ബധിരയും ഊമയുമായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 17 മാസത്തിന് ശേഷം യുവാവിന് ജാമ്യം

മുംബൈ: ബധിരയും ഊമയുമായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ജയിലിലായ യുവാവിന് 17 മാസത്തിനു ശേഷം ജാമ്യം. ഡിഎന്‍എ പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ പിതാവ് യുവാവല്ലെന്ന് കണ്ടെത്തിയതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

മുംബൈയില്‍ റസ്റ്റോറന്റ് ജീവനക്കാരനായ ഇരുപത്തിയഞ്ചുകാരനാണ് പീഡനകേസില്‍ ജയിലില്‍ കഴിഞ്ഞത്. ജാമ്യാപേക്ഷ പരിഗണിക്കേ, കേസില്‍ സത്യം കണ്ടെത്താന്‍ സമയം എടുക്കുമെന്നും ഡിഎന്‍എ ഫലത്തിന്റെ അടിസ്ഥാനത്തില്‍ യുവാവ് ജാമ്യം നല്‍കുകയാണെന്നും കോടതി വ്യക്തമാക്കി.

2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ബധിരയും മൂകയുമായ പെണ്‍കുട്ടി 2019 ജുലൈ 23 നാണ് വയറുവേദനയെന്ന് വീട്ടുകാരോട് പറയുന്നത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലാകുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയോട് വിവരങ്ങള്‍ ആരാഞ്ഞ വീട്ടുകാരോട് അയല്‍വാസിയായ യുവാവ് തന്നെ രണ്ട് തവണ ബലാത്സംഗം ചെയ്തിരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തി. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.