വാക്‌സിനുകള്‍ക്കെതിരെ പ്രചാരണം നടത്തിയാല്‍ കർശന നടപടി നേരിടേണ്ടി വരും; മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകള്‍ക്ക് എതിരേ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.  കോവിഡ് വാക്‌സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.
രാജ്യത്ത് ഉപയോഗിക്കുന്ന രണ്ട് കോവിഡ് വാക്‌സിനുകളും സുരക്ഷിതവും രോഗപ്രതിരോധ ശേഷിയുള്ളതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നത് ജനങ്ങൾക്കിടയിൽ അനാവശ്യമായ സംശയങ്ങള്‍ക്ക് ഇടയാക്കും. അതിനാല്‍, വാക്‌സിനുകളുടെ സുരക്ഷയും രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട  അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ പരിശോധിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് എന്നീ രണ്ട് വാക്സിനുകള്‍ക്ക് കേന്ദ്രം അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ജനുവരി 16ന് രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു.