ഇന്ത്യന്‍ എംബസി നടപടി തുടങ്ങി; സുരേന്ദ്രന്റെ മകള്‍ക്കെതിരായ അധിക്ഷേപത്തില്‍ ഇടപെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി: ബി.ജെ .പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകളെ ഫേസ്ബുക്ക് വഴി അധിക്ഷേപിച്ച സംഭവത്തില്‍ നടപടിയുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.  ഹീനമായ പരാമര്‍ശം നടത്തിയതിനെ ശക്തമായി അപലപിക്കുന്നുവെന്നും ഖത്തറിലെ ഇന്ത്യന്‍ എംബസി നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. നടപടികളുടെ ആദ്യപടിയായി സഭ്യമല്ലാത്ത പരാമര്‍ശം വന്ന പോസ്റ്റ് നീക്കം ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി.

‘എന്റെ മകള്‍, എന്റെ അഭിമാനം’ എന്ന കുറിപ്പോടെയാണ് കെ സുരേന്ദ്രന്‍ മകളുമൊത്തുളള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ അജ്‌നാസെന്ന പ്രവാസി മകള്‍ക്കെതിരെ അധിക്ഷേപം നടത്തുകയായിരുന്നു. സംഭവത്തില്‍ സംസ്ഥാന പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പരാതിയിലാണ് പേരാമ്പ്ര സ്വദേശിയും ഖത്തറില്‍ ജോലി ചെയ്യുന്നയാളുമായ അജ്നാസിനെതിരെ പൊലീസ് കേസെടുത്തത്. സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഇത്തരം സമൂഹവിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണ് പരാതി ലഭിച്ചതെന്ന് മേപ്പയ്യൂര്‍ പൊലീസ് അറിയിച്ചു.

സുരേന്ദ്രന്‍ പങ്കുവെച്ച ചിത്രം ആയിരത്തിലധികം ആളുകള്‍ ഷെയര്‍ ചെയ്യുകയും 8000ത്തില്‍ അധികം ആളുകള്‍ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭൂരിഭാഗം ആളുകളും ആശംസകള്‍ അറിയിച്ചാണ് കമന്റ് ചെയ്തിട്ടുള്ളത്. എന്നാല്‍, അധിക്ഷേപ സ്വഭാവമുള്ള കമന്റുകളും ഇതിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ