വാളയാർ; അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: വാളയാര്‍ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങി. പാലക്കാട് പോക്‌സോ കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു. ഇതോടെയാണ് വിജ്ഞാപനത്തിനുള്ള നിയമ തടസം മാറിയത്. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും നിയമവകുപ്പ് എതിര്‍ത്തിരുന്നു. കോടതി അനുമതിയോടെ മാത്രമേ തുടരന്വേഷണമാകൂയെന്ന് നിയമ വകുപ്പ് അറിയിച്ചിരുന്നു.

അന്വേഷണം സിബിഐക്ക് വിട്ടത് കൊണ്ട് മാത്രമായില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. അതുവരെയും സമരം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഇന്ന് മുതല്‍ അനിശ്ചിത കാല നിരാഹാരത്തിലാണ്. രാവിലെ പത്തിന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപമാണ് നിരാഹാര സമരം ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി സോജന്‍ ഉള്‍പ്പടെയുള്ളവര്‍ കേസട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു.