‘എട്ടാം വയസില്‍ തുടങ്ങിയ പാലംപണി; ഇപ്പോള്‍ എനിക്ക് 48’; മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റ് വൈറല്‍

    ആലപ്പുഴ ബൈപ്പാസ് നിര്‍മാണത്തിനെടുത്ത കാലതാമസത്തെ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റിന് താഴെ 48കാരന്റെ കമന്റ്. നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് എന്നയാളുടെ കമന്റാണ് വൈറലായിരിക്കുന്നത്. ”എനിക്ക് എട്ട് വയസുള്ള സമയത്ത് സ്ഥലം ഏറ്റെടുത്ത് പണി തുടങ്ങിയ ഒരു പ്രോജക്ട് ആണിത്. എറണാകുളത്ത് നിന്ന് പുറക്കാട് ഉള്ള ബാപ്പയുടെ ഉമ്മയുടെ വീട്ടിലേക്കുള്ള യാത്രയില്‍ എന്നും ഓര്‍ക്കും ഈ പ്രോജക്ട് ഇങ്ങനെ നീണ്ടുപോകുന്നത് എന്തുകൊണ്ട് ആണെന്ന്. എനിക്ക് നാല്പത്തി എട്ടു വയസായ ഇക്കൊല്ലം എങ്കിലും ഈ പ്രോജക്ട് തീര്‍ന്നു കാണുന്നതില്‍ സന്തോഷം.” -എന്നാണ് കമന്റ്. നസീറിന്റെ കമന്റിന് മാത്രം 2600 പേരാണ് ഇതിനോടകം ലൈക്ക് ചെയ്തിരിക്കുന്നത്.

    48 വര്‍ഷം മുന്‍പ് നിര്‍മ്മാണം ആരംഭിച്ച ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നിര്‍വ്വഹിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാന്നിധ്യമാകും. മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ഓണ്‍ലൈനായാണ് പങ്കെടുക്കുക. ദേശീയപാതയില്‍ 1972ല്‍ നിര്‍മ്മാണം ആരംഭിച്ച കളര്‍കോട് മുതല്‍ കൊമ്മാടി വരെയുള്ള 6.8 കിലോമീറ്റര്‍ ബൈപ്പാസ് പല കാരണങ്ങളാല്‍ നീളുകയായിരുന്നു. 375 കോടിയോളം രൂപ ചെലവഴിച്ച ബൈ പാസിന്റെ ഒരു കിലോമീറ്ററിന് ചെലവ് അമ്പത് കോടിയിലേറെ രൂപ വരും.

    6.8 കിലോമീറ്ററില്‍ 3.2 കിലോമീറ്റര്‍ മേല്‍പ്പാലമുള്‍പ്പടെ 4.8 എലിവേറ്റഡ് ഹൈവേയുമുണ്ട്. ബീച്ചിന്റെ മുകളില്‍ കൂടി പോകുന്ന, സംസ്ഥാനത്തെ ആദ്യ മേല്‍പ്പാലമെന്ന ഖ്യാതിയും ആലപ്പുഴ ബൈപ്പാസിനാണ്. കേന്ദ്ര സര്‍ക്കാര്‍ 174 കോടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടി എന്നിങ്ങനെ 348 കോടി രൂപയാണ് ആകെ അടങ്കല്‍ തുക. കൂടാതെ റെയില്‍വേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏഴ് കോടി രൂപ കെട്ടിവെച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 4.85 കോടി രൂപ അധികമായി ലൈറ്റിനും ജങ്ഷന്‍ നവീകരണത്തിനുമായി അനുവദിച്ചാണ് ഇപ്പോള്‍ പണികള്‍ പൂര്‍ത്തിയാക്കിയത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിക്ക് പുറമേ 25 കോടി ചെലവഴിച്ചു.

    കേന്ദ്ര പദ്ധതിയില്‍ 92 വഴിവിളക്കുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ 412 വിളക്കുകള്‍ ഉണ്ട്. നിര്‍മ്മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോള്‍ ബൈപ്പാസിന്റെ 15 ശതമാനം ജോലികള്‍ മാത്രമായിരുന്നു പൂര്‍ത്തിയായിരുന്നത്. ഭൂമിക്ക് അടിയിലുള്ള ജോലികള്‍ മാത്രമായിരുന്നു അത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ബാക്കി നിന്ന 85 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. റെയില്‍വേയുടെ ഭാഗത്ത് നിന്നുള്ള ചില തടസ്സങ്ങളാണ് ബൈപ്പാസ് നിര്‍മ്മാണത്തെ വീണ്ടും വൈകിപ്പിച്ചത്. 2018ല്‍ മുഖ്യമന്ത്രി യും മന്ത്രി ജി സുധാകരനും പ്രധാനമന്ത്രിയേയും കേന്ദ്ര റയില്‍വേ മന്ത്രിയേയും കണ്ട് ചര്‍ച്ച നടത്തിയാണ് തടസ്സങ്ങളുടെ കുരുക്കഴിച്ചത്. റയില്‍വേയുടെ ഭാഗത്ത് നിന്നുള്ള തടസ്സം ഇല്ലായിരുന്നെങ്കില്‍ ഒന്നര വര്‍ഷം മുന്‍പേ ബൈപ്പാസിന്റെ ഉദ്ഘാടനം സാധ്യമാകുമായിരുന്നു.