ഈന്തപ്പഴം ഇറക്കുമതി: കസ്റ്റംസിനോട് വിവരങ്ങള്‍ തേടി; അസാധാരണ നീക്കവുമായി സര്‍ക്കാര്‍

കസ്റ്റംസിനോട് വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങളുന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്തെ യു.എ.ഈ കോണ്‍സുലേറ്റ് നിയമ പ്രകാരമല്ലാതെ ഈന്തപ്പഴം ഇറക്കുമതി ചെയ്തു എന്ന വിവാദവുമായി ബന്ധപ്പെട്ടാണ് സര്‍ക്കാിന്റെ  അസാധാരണ നീക്കം.

അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസറായ എ പി രാജീവനാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയോട് വിവരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുഎ.ഇ കോണ്‍സുലേറ്റ് വലിയഅളവില്‍ ഈന്തപ്പഴം ഇറക്കുമതി ചെയ്തു, രേഖകളില്‍കാണിച്ചതിലും കൂടുതല്‍ തൂക്കം പാക്കറ്റുകള്‍ക്കുണ്ടായിരുന്നു, ഈന്തപ്പഴത്തിന്റെ വിതരണവും ദുരൂഹമാണ് എന്നീ ആരോപണങ്ങളാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇതേക്കുറിച്ചാണ് സംസ്ഥാനസര്‍ക്കാര്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന ഒരു പാരാതിയെക്കുറിച്ചും അന്വേഷണത്തിന്റെ വിശദാംശങ്ങളെക്കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ വിവരങ്ങള്‍ ആരായുന്നത് അസാധാരണമാണ്. വിവരാവകാശ നിയമപ്രകാരം പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥന്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് തീര്‍ത്തും പതിവില്ലാത്ത നടപടിയുമാണ്.

യു.എ.ഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനുവദനീയമല്ലാത്ത കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടോ, എങ്കില്‍ അതിന് ഡ്യൂട്ടി അടയ്ക്കാന്‍ ബാധ്യസ്ഥനായ ഇറക്കുമതിക്കാരന്‍ ആരാണ് എന്നതാണ് പ്രധാന ചോദ്യം.  ഈ കേസുമായി ബന്ധപ്പെട്ട്  എത്ര പേര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്, അവരുടെ പേര്, തസ്തിക, ഏത് സംഘടനയുമായി ബന്ധപ്പെട്ടവരാണെന്നുമുള്ള വിവരങ്ങള്‍ ലഭ്യമാക്കണമെന്നുമാണ് ആവശ്യം.

കസ്റ്റംസ് ആരംഭിച്ച നടപടിക്രമങ്ങള്‍ വ്യക്തമാക്കണമെന്നും അപേക്ഷ പറയുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് സംസ്ഥാന സര്‍ക്കാരിനുവേണ്ടി വിവരാവകാശ അപേക്ഷ നല്‍കിയിരിക്കുന്നത് അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസറായ എ പി രാജീവനാണ്.