ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനംസംസ്ഥാന രാഷ്ട്രീയത്തിൽ ഇരുമുന്നണികളിലായി തിരിഞ്ഞു നിൽക്കുന്ന ശാക്തിക ചേരികളില്‍ മാറ്റം വരുത്തിയേക്കുമെന്ന ബിജെപി ദേശീയ നേതൃത്വം കരുതുന്നു. സാമുദായിക സംഘടനകളും സ്വാധീന ശക്തിയുള്ള വ്യക്തികളും പാർട്ടിയോട് അടുക്കാൻ സന്ദർശനം സഹായിക്കുമെന്ന് പാർട്ടിക്ക് പ്രതീക്ഷയുണ്ട്.വിവിധ സാമൂഹ്യ-സാമുദായിക സംഘടനാ നേതാക്കളെ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്യുക എന്നതാണ് രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിലെ പ്രധാന അജണ്ട. സാമുദായിക നേതാക്കളുമായി തൃശൂരിലും രാഷ്ട്രീയ നേതാക്കളുമായി തിരുവനന്തപുരത്തുമാണ് കൂടിക്കാഴ്ച. വിവിധ ക്രൈസ്തവ സഭകള്‍, എന്‍എസ്എസ്, എസ്എന്‍ഡിപി, ധീവരസഭ പ്രതിനിധികള്‍, മുസ്ലിം സമൂഹത്തിലെ യാഥാസ്ഥിക വിരുദ്ധരായ ചില വിഭാഗങ്ങള്‍, മറ്റ് പിന്നാക്ക സമുദായ സംഘടനകള്‍, എന്നിവരുടെ പ്രതിനിധികള്‍ നദ്ദയുമായി ചര്‍ച്ച നടത്തിയേക്കും.20 ശതമാനത്തോളം വരുന്ന ക്രൈസ്തവ സഭാ വിഭാഗങ്ങളിൽ ഗണ്യമായ പങ്ക് ബിജെപിയോട് അടുത്താൽ സംസ്ഥാനത്ത് രാഷ്ട്രീയ പരിവര്‍ത്തനത്തിന് വേഗം കൂട്ടുമെന്ന വിലയിരുത്തലാണുള്ളത്. ബിജെപിയോട് അകല്‍ച്ചയില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്നെ വ്യക്തമാക്കിയിരുന്നു. ഏത് സമയത്തും ചര്‍ച്ചയ്ക്കും ആശയവിനിമയത്തിനും തങ്ങള്‍ തയ്യാറാണെന്നും സീറോ മലബാര്‍ സഭ വക്താക്കള്‍ പറഞ്ഞിരുന്നു.ഇത് ബിജെപിക്ക് പ്രതീക്ഷ നൽകുന്നു .യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വങ്ങളും ബിജെപി അധ്യക്ഷനെ കാണും. സഭാ തര്‍ക്കം പരിഹരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും മിസോറം ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ളയുടേയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ചയെ അതീവ പ്രാധാന്യത്തോടെയാണ് ഈ സഭകള്‍ കാണുന്നത്.വിവിധ മുസ്ലിം സംഘടനകളുടെ പ്രതിനിധികളേയും ചര്‍ച്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ടെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
 
            


























 
				
















