കേരളം സമ്പൂര്‍ണ ഉത്തരവാദിത്ത ടൂറിസം സംസ്ഥാനമായി മാറണം: സുമന്‍ ബില്ല

തിരുവനന്തപുരം: സാമ്പത്തിക ഘടകങ്ങള്‍ക്കുപരി പാരിസ്ഥിതിക ഘടകങ്ങളിലേയ്ക്ക് ആഗോള വിനോദസഞ്ചാരം മാറുന്ന സാഹചര്യത്തില്‍ കാര്‍ബണ്‍ രഹിതവും പ്രാദേശിക ഭക്ഷണത്തില്‍ അധിഷ്ഠിതവുമാക്കി മാറ്റി കേരളത്തെ  ഉത്തരവാദിത്ത വിനോദ സഞ്ചാര സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍റെ (യുഎന്‍ഡബ്ല്യുടിഒ) ടെക്നിക്കല്‍ കോഓപ്പറേഷന്‍- സില്‍ക്ക് റോഡ് ഡയറക്ടര്‍ സുമന്‍ ബില്ല നിര്‍ദ്ദേശിച്ചു.

ഭാവി വീക്ഷണത്തോടെ കേരളം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഖചികിത്സ, ഹൗസ്ബോട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിങ്ങനെ നിരവധി ടൂറിസം ഉല്പന്നങ്ങളുള്ള കേരളത്തിന് ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്‍സ്റ്റഗ്രാം അടക്കമുള്ള നവമാധ്യമങ്ങളിലൂടെ കേരളത്തിന് യുവാക്കളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയണം. പ്രധാന ടൂറിസം വിപണികളില്‍ കേരളത്തിന് ചുവടുറപ്പിക്കാന്‍ പോന്നതാണ് സ്പൈസ് റൂട്ട് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.

ടൂറിസത്തെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഏറ്റവും മോശമായ വര്‍ഷമാണ് 2020എന്നാണ്  യുഎന്‍ഡബ്ല്യുടിഒ-യുടെ കണ്ടെത്തല്‍. വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 74 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. എണ്ണത്തില്‍ ഇത് നൂറുകോടിയോളം വരും. ആഗോള തലത്തില്‍ ടൂറിസം മേഖലയിലെ വരുമാനം  95 ലക്ഷം കോടി രൂപയാണ്  കുറഞ്ഞിരിക്കുന്നത്. 12 കോടിയോളം തൊഴിലവസരങ്ങളാണ് നഷ്ടപ്പെട്ടിരിക്കന്നതെന്ന്  സുമന്‍ ബില്ല ചൂണ്ടിക്കാട്ടി. ടൂറിസം മേഖല പൂര്‍വസ്ഥിതിയിലെത്തണമെങ്കില്‍ 2023-24 വരെ കാത്തിരിക്കേണ്ടിവരും.

കോവിഡ് ശേഷകാലത്ത് ടൂറിസം മേഖലയുടെ തിരിച്ചുവരവ് ലക്ഷ്യമാക്കി കേരളം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ഇതിനായി ആഭ്യന്തര ടൂറിസം, ഹെല്‍ത്ത് ടൂറിസം എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കണം. കൊവിഡ് കാലത്തെ നേരിടുന്ന തരത്തിലുള്ള ടൂറിസം നയത്തിന് കേരളം രൂപം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാഹസിക ടൂറിസം, മലബാര്‍ മേഖലയുടെ ഉത്തേജനം, കൊച്ചി-മുസിരിസ് ബിനാലെ, മുസിരിസ് പൈതൃക പദ്ധതികള്‍ എന്നിവയിലൂടെ മുന്നേറാനാണ് കേരളം ശ്രമിക്കുന്നത്. തിരുവനന്തപുരത്തെ സാഹസിക ടൂറിസം അക്കാദമി പൂര്‍ത്തീകരണത്തിന്‍റെ അവസാന ഘട്ടത്തിലാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എട്ടു നദികളെ ബന്ധിപ്പിച്ചുകൊണ്ട് ക്രൂസ് ടൂറിസം പ്രോത്സാഹിപ്പിക്കാനും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ടൂറിസം മേഖല ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് കണക്കിലെടുത്ത് കേരളം ദേശീയ-അന്തര്‍ദേശീയ തലത്തില്‍  മാറുന്ന പ്രവണതകള്‍ക്കനുസരിച്ചുള്ള നീക്കങ്ങള്‍ നടത്തണമെന്ന് ആസൂത്രണ ബോര്‍ഡ് സെക്രട്ടറി ഡോ. വേണു വി നിര്‍ദ്ദശിച്ചു.

സാഹസിക ടൂറിസത്തോട് പ്രതിപത്തിയുള്ള  സഞ്ചാരികളില്‍ 72 ശതമാനവും പ്രകൃതിയെ ഇഷ്ടപ്പെടുന്നവരാണെന്ന് ടുമോറോ എയര്‍ സഹസ്ഥാപകനും അഡ്വഞ്ചര്‍ ട്രാവല്‍ ട്രേഡ് അസോസിയേഷന്‍റെ ഗ്ലോബല്‍ സ്ട്രാറ്റജി വൈസ് പ്രസിഡന്‍റുമായ ക്രിസ്റ്റിന ബെക്ക്മാന്‍  ചൂണ്ടിക്കാട്ടി. 12 ശതമാനം ഇക്കോടൂറിസം, സുസ്ഥിര ടൂറിസം എന്നിവയില്‍ ആകൃഷ്ടരാണ്. ഇത് പ്രയോജനപ്പെടുതതാന്‍ കേരളത്തിന്‍റെ കടലോര ടൂറസം കേന്ദ്രങ്ങള്‍ ശ്രദ്ധിക്കണമെന്ന് അവര്‍ പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസത്തില്‍ ലോകത്തില്‍തന്നെ മുന്‍നിരയിലുള്ള കേരളം ടൂറിസം കേന്ദ്രങ്ങളുടെ കാര്യത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ടെന്ന് ബ്രിട്ടനിലെ ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം സ്ഥാപക ഡയറക്ടര്‍ ഡോ. ഹാരോള്‍ഡ് ഗോഡ് വിന്‍ പറഞ്ഞു.

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ ടൂറിസം-ഹോസ്പിറ്റാലിറ്റി പ്രൊഫസര്‍ ഡോ. നിമിത് രഞ്ജന്‍ ചൗധരി, ട്രാവല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ദീപക് ദേവ എന്നിവരും സംസാരിച്ചു.