ഗുവാഹത്തി: ബ്യൂട്ടി പാർലറിൽ ഫേഷ്യൽ ചെയ്യാനെത്തിയ യുവതിയുടെ മുഖത്ത് പൊള്ളലേറ്റു. അസം ഗുവാഹത്തി സ്വദേശിനിയായ ബിനിത നാഥ് എന്ന യുവതിയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ലിങ്ക് റോഡിലെ ‘ശാരദ’ എന്ന ബ്യൂട്ടിപാര്‍ലറാണ് യുവതി സന്ദർശിച്ചത്.ഫേഷ്യൽ ചെയ്യുന്നതിനായാണ് ബ്യൂട്ടി പാർലർ സന്ദർശിച്ചത്. ‘ഡീറ്റാൻ ഫേഷ്യൽ’ ആണ് നല്ലതെന്നും അവർ നിർദേശിച്ചു. മുഖത്ത് രോമങ്ങളുള്ളത് വാക്സ് ചെയ്തോ ത്രെഡ് ചെയ്തോ നീക്കാമെന്ന നിർദേശം അവർ നൽകിയപ്പോൾ ഞാൻ വിസമ്മതിച്ചു ഇതോടെയാണ് ബ്ലീച്ച് ഇടാമെന്ന് പറഞ്ഞത്. ഞാനത് സമ്മതിക്കുകയും ചെയ്തു. ബ്ലീച്ച് മുഖത്ത് പുരട്ടിയതോടെ തിളച്ച എണ്ണ വീണത് പോലെയാണ് തോന്നിയത്. വേദനയിൽ പുളഞ്ഞ് ഉച്ചത്തിൽ നിലവിളിച്ചതോടെ അവർ മുഖത്ത് പുരട്ടിയത് നീക്കം ചെയ്തു.മുഖത്ത് ഐസ് ബാഗ് വച്ചു എന്നാൽ അപ്പോഴേക്കും വൈകിപ്പോയിരുന്നു’. പാർലർ ഉടമകൾ തീർത്തും നിരുത്തരവാദിത്തപരമായി പെരുമാറിയെന്നാണ് ആരോപണം. മുഖത്ത് പൊള്ളലേറ്റ ശേഷം ഉടമയുമായി ബന്ധപ്പെട്ട് ചിത്രങ്ങളും അയച്ചു കൊടുത്തിരുന്നു. എന്നാൽ തന്നോട് ഖേദം പ്രകടനം നടത്തുന്നത് പോയിട്ട് ഒന്നു പ്രതികരിക്കാൻ പോലും അവർ തയ്യാറായില്ലെന്നും ബിനിത പറയുന്നു. തനിക്ക് സംഭവിച്ചത് പോലെ നാളെ മറ്റൊരാൾക്കും സംഭവിച്ചേക്കാം അതുകൊണ്ടാണ് ഫേസ്ബുക്കിൽ പോസ്റ്റിടാൻ തീരുമാനിച്ചത്. എന്നും ഇവർ കൂട്ടിച്ചേർത്തു.
 
            


























 
				
















