‘ചെത്തുകാരന്റെ മകനായതിൽ അഭിമാനം; സുധാകരനെ ബ്രണ്ണൻ കോളജ് കാലം മുതൽ അറിയാം’: മുഖ്യമന്ത്രി

    തിരുവനന്തപുരം∙ ചെത്തുകാരന്റെ മകനായതിൽ അപമാനമില്ലെന്നും അഭിമാനം മാത്രമേ ഉള്ളൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കെപിസിസി വർക്കിങ് പ്രസി‍ഡന്റ് കെ.സുധാകരൻ എംപിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.ചെത്തുകാരന്റെ മകനാണ് താനെന്നും ആ വിളി താന്‍ അഭിമാനമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ചെത്തുകാരന്റെ മകനെന്ന് വിളിച്ചതുകൊണ്ട് ആക്ഷേപിച്ചതായി ഞാന്‍ കാണുന്നില്ല. ജേഷ്ഠൻ ചെത്തുകാരനായിരുന്നു. രണ്ടാമത്തെ ജേഷ്ഠനും ചെത്ത് അറിയാമായിരുന്നു. അത് അഭിമാനമുള്ള കാര്യമായിട്ടാണ് കാണുന്നത്. തന്റേത് കർഷക കുടുംബമാണ്. ചെത്തുകാരന്റെ മകന്‍ എന്നത് അപമാനമായി കാണുന്നില്ല. കെ.സുധാകരനെ ബ്രണ്ണൻ കോളജ് കാലം മുതൽ അറിയാം. തന്നെ അദ്ദേഹത്തിനും അറിയാം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും പിണറായി പറഞ്ഞു.

    ചെത്തുകാരന്റെ മകനായതിൽ അഭിമാനിക്കുന്ന ആളാണ് താൻ. എന്തെങ്കിലും ദുര്‍വൃത്തിയിൽ ഏർപ്പെട്ട ആളിന്റെ മകനാണെന്നു പറഞ്ഞാൽ ജാള്യത തോന്നാം. ഇതിൽ അങ്ങനെ തോന്നേണ്ട കാര്യമില്ല. ഒരു തൊഴിലെടുത്ത് ജീവിച്ച ആളിന്റെ മകൻ എന്നത് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

    “ഹെലികോപ്റ്ററിൽ‌ യാത്ര ചെയ്യുന്നതിനെ വിമർശിക്കുന്നത് കാലത്തിന് ചേരുന്നതല്ല. എന്നെ അറിയുന്നവർക്ക്  എന്തുജീവിതമാണ് നയിക്കുന്നതെന്ന് വ്യക്തമായി അറിയാം. മാറിയ കാലത്തെക്കുറിച്ച് അറിയാതെയാണ് ചിലരുടെ പരാമർശം. എന്റേത് ആഡംബര ജീവിതമാണോയെന്ന് നാടിന് നന്നായി അറിയാം”- മുഖ്യമന്ത്രി പറഞ്ഞു.

    ബഹുജനങ്ങളില്‍ നിന്ന് പിരിവ് നടത്തുന്നവര്‍ സുതാര്യത പുലര്‍ത്തണം. ചിലര്‍ മറിച്ച് കാര്യങ്ങള്‍ നടത്താറുണ്ടെന്ന് നേരത്തേയും ആക്ഷേപം ഉയര്‍ന്നതാണ്. പരാതികളുയര്‍ന്നാല്‍ സര്‍ക്കാരിന് പരിശോധിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂത്ത് ലീഗിന്റെ ഫണ്ട് പിരിവ് വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ മറുപടി പറഞ്ഞത്.