സംസ്ഥാന ആംആദ്മി പാര്‍ട്ടിയില്‍ അടുക്കളപ്പോരും അഴിമതി ആരോപണവും

നീലകണ്ഠന്‍ പക്ഷവും സാറാജോസഫും തമ്മില്‍ ചേരിപ്പോര് തുടരുന്നു

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വട്ടപൂജ്യം

പാര്‍ട്ടി പത്രത്തിന്റെ ഉടമസ്ഥതയെ ചൊല്ലി കലാപം. 

പരിസ്ഥിതിയുടെ പേരില്‍ വ്യാപക പിരിവെന്ന് ആരോപണം. 

അഴിമതിക്കെതിരെ പോരാടി സദ്ഭരണത്തിന്റെ അപ്പോസ്തലന്മാരാകാന്‍ വന്ന ആംആദ്മി പാര്‍ട്ടിയുടെ ഗതി ഇപ്പോള്‍ അധോഗതിയിലാണ്. ജന്‍ലോക്പാല്‍ ബില്ലും അണ്ണാഹസാരെയും അരവിന്ദ് കെജ്രിവാളും ഒക്കെ ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കിയ ചലനത്തിന്റെ അരിക് പിടിച്ച് തന്നെയാണ് കേരളത്തിലും പാര്‍ട്ടി ഘടകം രൂപീകൃതമായത്. ജന്മം കൊണ്ടെങ്കിലും പിന്നീട് വളര്‍ച്ച മുരടിച്ചു പോയി. ചൂലുമായി ഇടയ്ക്കിടെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വരാനും ചാനല്‍ ചര്‍ച്ചകളില്‍ നിറയാനും നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ എണ്ണം പറഞ്ഞ ജനകീയ പ്രശ്‌നങ്ങളില്‍ ഒന്നും തന്നെ ഇടപെടാന്‍ കഴിഞ്ഞിട്ടില്ല. അണികളെക്കാള്‍ കൂടുതല്‍ നേതാക്കന്മാരുണ്ടാകുമ്പോള്‍ മുദ്രാവാക്യം വിളിക്കാന്‍ ആംആദ്മിക്കും കൂലിയ്ക്ക് ആളെ ഇറക്കേണ്ട സ്ഥിതിയിലാണ്. ഇതുവരെ സജീവമായി ജനകീയ വിഷയങ്ങളില്‍ ഇടപെടാന്‍ കഴിഞ്ഞിട്ടില്ല.

ആംആദ്മി പാര്‍ട്ടിയുടെ ദേശീയതലത്തില്‍ ഉണ്ടായ പിളര്‍പ്പിനെ സമാനമായ സ്ഥിതിയാണ് കേരളത്തിലിപ്പോള്‍. ദേശീയതലത്തില്‍ പ്രശാന്ത്ഭൂഷണും യോഗേന്ദ്രയാദവും ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനോട് കലഹിച്ച് പാര്‍ട്ടി വിട്ടു പോയ സ്ഥിതിയ്ക്ക് സമാനമാണ് കേരളത്തിലേതും. ഇക്കഴിഞ്ഞ പഞ്ചായത്ത്-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ആം ആദ്മി കേരളത്തില്‍ മത്സരിച്ചെങ്കിലും യാതൊരുവിധ ചലനവും തെരഞ്ഞെടുപ്പ് രാഷ്്രടീയത്തില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ആനുകാലിക രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനുള്ള പരിചയ കുറവാണ് പ്രധാനമായും ചൂണ്ടികാണിക്കപ്പെടുന്നത്.

ഇതിനു പുറമേയാണ് കേരളത്തിലെ നേതാക്കന്മാര്‍ തമ്മിലുള്ള ചേരിപ്പോരും കുതികാല്‍ വെട്ടും. സാറാജോസഫ് പക്ഷവും സി.ആര്‍. നീലകണ്ഠന്‍ പക്ഷവും അധികാര സ്ഥാനങ്ങള്‍ക്കായി പരസ്പരം പോരടിക്കുന്നു. ഏറ്റവും ഒടുവിലത്തെ തമ്മിലടി പാര്‍ട്ടി മുഖപത്രത്തിന്റെ പേരിലാണ്. സാറാജോസഫിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജനസഭയെന്ന പ്രസിദ്ധീകരണത്തിന്റെ പിതൃത്വമാണ് വിഷയം. സാറാജോസഫിനെ കേരളത്തിലെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് സി.ആര്‍. നീലകണ്ഠന്‍ പക്ഷം പുറത്താക്കിയിരുന്നു. അഴിമതിക്കെതിരെ പോരാടാന്‍ വന്ന ആംആദ്മിക്കെതിരെ കേരളത്തിലും അഴിമതി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ആപ്പിന്റെ പേരില്‍ വന്‍തോതില്‍ ചില നേതാക്കള്‍ പണപിരിവ് നടത്തുന്നുണ്ടെന്നാണ് നീലകണ്ഠന്‍ വിരുദ്ധ ചേരിയുടെ ആരോപണം. പരിസ്ഥിതി സമരങ്ങളുടെ പേരില്‍ നേതൃത്വത്തിലെ ചിലര്‍ വ്യാപക പിരിവ് നടത്തുന്നുണ്ടെന്നാണ് ഇവരുടെ ആക്ഷേപം.